KeralaNEWS

ജാമ്യം കിട്ടിയതിനു പിന്നാലെ വീണ്ടും അറസ്റ്റിന് നീക്കം; കോടതിയിലേക്ക് ഓടിക്കയറി മുഹമ്മദ് ഷിയാസ്

എറണാകുളം: നേര്യമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനൊപ്പം കോടതി ജാമ്യം അനുവദിച്ച എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസിന്റെ നീക്കം. കോതമംഗലം കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പൊലീസ് വാഹനം ആക്രമിച്ചെന്ന കേസില്‍ മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. ഇതോടെ മുഹമ്മദ് ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി. സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തി. തുടര്‍ന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ഇവര്‍ക്കു പുറമേ കേസില്‍ പ്രതികളായ മറ്റു പതിനാലു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴല്‍നാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളില്‍ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനല്‍കിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

Signature-ad

മൃതദേഹവുമായി പ്രതിഷേധം നടത്തിയ കേസില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെയും പ്രതിചേര്‍ത്തിരുന്നു. മാത്യു കുഴല്‍നാടനാണ് ഒന്നാം പ്രതി.

തിങ്കളാഴ്ചയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തില്‍ ഇന്ദിര (72) കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹവുമായി കോതമംഗലത്ത് അരങ്ങേറിയ പ്രതിഷേധം പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. ഇന്ദിരയുടെ മൃതദേഹം ഉള്‍പ്പെടുന്ന മൊബൈല്‍ ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയാണ് ആംബുലന്‍സില്‍ കയറ്റിയത്.

 

Back to top button
error: