ന്യൂഡല്‍ഹി: കടമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ കേരളത്തിന് ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31-ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്രനിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. അധികതുക കടമെടുക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രവും ചര്‍ച്ച ചെയ്യാനും കോടതി നിര്‍ദേശിച്ചു.
കടമെടുപ്പിന് പരിധിനിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടിയാണ് കേരളം സ്യൂട്ട് ഹര്‍ജി നല്‍കിയത്.
മുന്‍പ് കേസ് പരിഗണിച്ച ദിവസങ്ങളില്‍ വിഷയം പരസ്പരം ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിച്ചുകൂടേയെന്ന നിലപാടാണ് സുപ്രീംകോടതി ആവര്‍ത്തിച്ചത്. സാമ്പത്തികവിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നതിലെ പരിമിതികളും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.