കൊൽക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ് അഭിജിത് ഗംഗോപാധ്യായ് രാജിവെച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനുവേണ്ടിയാണ് ഹൈക്കോടതി ജഡ്ജിയെന്ന സ്ഥാനം ഇദ്ദേഹം രാജിവെച്ചത്.
ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ താംലുക് സീറ്റില്‍ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന.
ചൊവ്വാഴ്ച ഉച്ചക്ക് കൊല്‍ക്കത്തയില്‍ നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാജിവെച്ച വിവരവും ബി.ജെ.പിയില്‍ ചേരുന്നതുമെല്ലാം ഗംഗോപാധ്യായ് അറിയിച്ചത്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നാണ് ഇദ്ദേഹത്തിന്റെ വാദം. താൻ ഒരു മതവിശ്വാസി ആയതിനാലാണ് സി.പി.എമ്മില്‍ ചേരാതിരിക്കുന്നതെന്നും ഗംഗോപാധ്യായ് പറയുന്നു.
നരേന്ദ്ര മോദി വളരെ കഠിനാധ്വാനിയായ മനുഷ്യനാണെന്നും രാജ്യത്തിനുവേണ്ടി നല്ലതു ചെയ്യാൻ ശ്രമിക്കുന്നുവെന്നും ഗംഗോപാധ്യായ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിനെതിരായ ഇദ്ദേഹത്തിന്റെ സുപ്രധാന വിധി പ്രസ്താവങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു.