https://youtu.be/OsqTHkSO81A
എൽഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ഭൂരിഭാഗവും ഇത്തവണ മത്സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളിൽ കൂടുതൽപേരെ മത്സര രംഗത്ത് ഇറക്കുമെന്നും സൂചനയുണ്ട്. ഒപ്പം യുവ നേതാക്കൾക്ക് അവസരം നൽകും.
ഫെബ്രുവരി ആദ്യവാരം സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളിൽ ആരൊക്കെ മത്സരിക്കണം എന്നുള്ളത് സമിതി തീരുമാനിക്കും. മന്ത്രിമാരായ എ കെ ബാലനും സി രവീന്ദ്രനാഥും മത്സരിക്കാൻ ഇടയില്ല എന്നാണ് വിവരം. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിക്കാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്.
ഇ പി ജയരാജൻ മട്ടന്നൂരിൽ മത്സരിക്കാനാണ് സാധ്യത. കൂത്തുപറമ്പ് എൽജെഡിയ്ക്ക് കൈമാറിയാൽ കെ കെ ശൈലജ കല്യാശ്ശേരി അല്ലെങ്കിൽ പയ്യന്നൂരിൽ മത്സരിക്കും.
കെ ടി ജലീൽ തവനൂരിൽ തന്നെ മത്സരിക്കും. എസി മൊയ്തീൻ കുന്നംകുളത്ത് മത്സരിച്ചേക്കും. ഉടുമ്പൻചോലയിൽ എംഎം മണി തന്നെ. ആലപ്പുഴയിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും വീണ്ടും മത്സരിക്കും. മേഴ്സിക്കുട്ടിയമ്മ കൊല്ലത്തും തിരുവനന്തപുരത്ത് കടകംപള്ളിയും മത്സരിക്കും.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എംവി ഗോവിന്ദൻ,കെ എൻ ബാലഗോപാൽ,പി രാജീവ് എന്നിവർ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണൻ മത്സര സന്നദ്ധത പാർട്ടിയെ അറിയിച്ചു എന്നാണ് വിവരം.