വയനാട്ടിൽ രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കരുതെന്ന സമ്മർദ തന്ത്രം ശക്തമാക്കി സിപിഐ ദേശീയ നേതൃത്വം. ഇന്ത്യ മുന്നണിയിൽ അംഗങ്ങളായ ഇരുപാർട്ടിയിലെയും ദേശീയ നേതാക്കൾ ബിജെപിക്ക് സ്വാധീന കുറവുള്ള കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ വിട്ടുവീഴ്ച ചെയ്യണമെന്നാണ് സിപിഐ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആവശ്യം. ഈ കാര്യം ചൂണ്ടികാണിച്ചു കൊണ്ടു ഡി രാജ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയ്ക്ക് കത്ത് നൽകി.
എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെടുന്നത്. കര്‍ണാടകയും തെലങ്കാനയും ഉറച്ച സീറ്റുമായി രാഹുലിനെ വിളിക്കുന്നുണ്ടെങ്കിലും വയനാട് പോലെ സുരക്ഷിത മണ്ഡലം വേറെയില്ലെന്ന് എഐസിസി സർവേയിലും തെളിഞ്ഞത്. എങ്കിലും തീരുമാനം രാഹുലിൻ്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് ദേശീയ നേതൃത്വം. സിപിഐ ദേശീയ നേതാവായ ആനി രാജ ഇത്തവണ മത്സരിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടത് പക്ഷം വലിയ പ്രതിഷേധമുയര്‍ത്തുന്നത് കോൺഗ്രസിന് അവഗണിക്കാനാവില്ല.
രാഹുലിന് ലോക്സഭയിലെത്താൻ അമേഠിയിൽ യുപി ഘടകവും കാത്തിരിക്കുന്നുണ്ട്. രാഹുലിൻ്റെ സാധ്യത മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ആദ്യ ഘട്ട പ്രഖ്യാപനം നടന്നേക്കുമെന്നുമാണ് വിവരം. ഇതിനിടെ ആലപ്പുഴയില്‍ മത്സരിക്കാന്‍ കെ സി വേണുഗോപാലിന് താല്പര്യമുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ഒഴിഞ്ഞാലുണ്ടാകാവുന്ന പ്രതിസന്ധി കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
രാജ്യസഭ സീറ്റ് ഒഴിഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ബിജെപിക്ക് കിട്ടും. അതുകൊണ്ട് കെ സി രാജ്യസഭയില്‍ തുടരട്ടേയെന്ന ചര്‍ച്ച ഹൈക്കമാന്‍ഡിലുണ്ട്. സമ്മര്‍ദത്തിന് വഴങ്ങി ഇക്കുറി കണ്ണൂരില്‍ മത്സരിക്കാമെന്ന് സമ്മതിക്കുമ്പോള്‍ കെപിസിസി അധ്യക്ഷ പദം ഒഴിയുന്നതിനോട് കെ സുധാകരനും താല്പര്യമില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പുതിയ കെപിസിസി അധ്യക്ഷന്‍ വരുമെന്ന അഭ്യൂഹം കേരള പ്രദേശ് കോൺഗ്രസിൽ ശക്തമാണ്.