
വിദേശ താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു ലോകോത്തര നിലവാരത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്തമാസം പ്രഖ്യാപിക്കും. സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗസ്റ്റ് അവസാനവാരത്തോടെയാവും സൂപ്പർ ലീഗ് ഫുട്‌ബോള്‍ ടൂർണമെന്റ് ആരംഭിക്കുക. ആറു ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള കോർപറേറ്റ് ടീമുകള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ടീമുകളും ടൂർണമെന്റില്‍ പങ്കെടുക്കും. കൊച്ചി ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പല്‍ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളാണു നിലവില്‍ ടൂർണമെന്റിനായി പരിഗണനയിലുള്ളതെന്ന് മാത്യു ജോസഫ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താവും അന്തിമവേദി തീരുമാനിക്കുക. സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ച് ആറു വിദേശതാരങ്ങളാകും ഓരോ ടീമിലും ഉണ്ടാവുക.






