ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം ഗംഭീര്‍ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചു. ബിജെപി നേതാവായ ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയെയാണ് ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. ക്രിക്കറ്റില്‍ ഏറ്റെടുത്ത ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അവ പൂര്‍ത്തിയാക്കാനാണ് രാഷ്ട്രീയം നിര്‍ത്തുന്നതെന്നുമാണ് ഗംഭീറിന്റെ വിശദീകരണം.
”രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്നു ബഹുമാനപ്പെട്ട പാര്‍ട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡാജിയോട് ഞാന്‍ അഭ്യര്‍ഥിച്ചു. ക്രിക്കറ്റില്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ജയ്ഹിന്ദ്” എന്നായിരുന്നു എക്സില്‍ ഗംഭീര്‍ കുറിച്ചത്.
2019 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന ഗംഭീര്‍, അതിനുശേഷം ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ പ്രമുഖ മുഖമായി മാറുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അദ്ദേഹം വിജയിച്ചത്. അതേസമയം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീറിന് സീറ്റു ലഭിക്കില്ലെന്നു നേരത്തെ തന്നെ അഭ്യൂഹം പരന്നിരുന്നു. ഇതു മുന്‍കൂട്ടി കണ്ടാണ് ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.