KeralaNEWS

ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ച് നടി ശോഭനയും കെ എസ് ചിത്രയും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മത്സരിക്കാനില്ലെന്ന് നടി ശോഭനയും ഗായിക കെ എസ് ചിത്രയും. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ഇരുവരും പറഞ്ഞു.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായാണ് ശോഭനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണം രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചു.

ശോഭനയ്ക്കു പകരം ചിത്ര മത്സരിച്ചാലും തിരുവനന്തപുരം സീറ്റില്‍ ജയിക്കാമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ചിത്രയുടെയും നിലപാട്.

Signature-ad

ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്ബോള്‍ ശോഭനയെ പോലെ ജനങ്ങള്‍ക്ക് സുപരിചിതയായ ഒരാള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വേണമെന്നായിരുന്നു ബിജെപി നിലപാട്.

അതേസമയം ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന് ഒപ്പം ചേര്‍ന്നു.

ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച്‌ പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പാലോടില്‍ നിന്നും കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത്. ആറ്റിങ്ങലില്‍ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്താന്‍ ഇരിക്കെ, സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നത് ബിജെപിയ്ക്കും കടുത്ത ക്ഷീണമായിരിക്കുകയാണ്.

Back to top button
error: