KeralaNEWS

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി മലയാളി ബ്രാഹ്‌മണര്‍ മാത്രം; വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജി തള്ളി

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനങ്ങള്‍ക്ക് മലയാളി ബ്രാഹ്‌മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രപ്രവേശനം ഉള്‍പ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂര്‍ണമല്ല. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മലയാള ബ്രാഹ്‌മണരല്ലാത്ത ശാന്തിക്കാരായ കോട്ടയം സ്വദേശി സി.വി.വിഷ്ണുനാരായണന്‍, തൃശൂര്‍ സ്വദേശികളായ ടി.എല്‍.സിജിത്, പി.ആര്‍.വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മലയാളി ബ്രാഹ്‌മണര്‍ എന്നത് മലബാര്‍ മാനുവല്‍ അനുസരിച്ചും 1881ലെ സെന്‍സസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തൊട്ടുകൂടായ്മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണു ശബരിമല മേല്‍ശാന്തിമാരാകേണ്ടതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Signature-ad

എന്നാല്‍ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി മലയാള ബ്രാഹ്‌മണര്‍ വരുന്നത് പുരാതനകാലം മുതല്‍ തുടരുന്ന രീതിയാണെന്നും മാറ്റാനാകില്ലെന്നുമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. ഈ പദവി പൊതുവായിട്ടുളള നിയമനമോ സ്ഥിരം നിയമനമോ അല്ല. കീഴ്വഴക്കം അനുസരിച്ചാണ് ഒരു സമുദായത്തില്‍ നിന്നുള്ള പൂജാരിമാരെ മേല്‍ശാന്തിമാരായി ക്ഷണിക്കുന്നത്.

35 നും 60 നും ഇടയില്‍ പ്രായമുള്ളവരെയാണു മേല്‍ശാന്തിമാരായി നിയമിക്കുന്നത് എന്നും ബോര്‍ഡ് വാദിച്ചു. പുരാതന കാലം മുതല്‍ മലയാള ബ്രാഹ്‌മണരെയാണ് മേല്‍ശാന്തിമാരായി നിയമിക്കുന്നത് എന്നതിനു രേഖകളുണ്ടോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. ഇക്കാര്യം തെറ്റാണെങ്കില്‍ തെളിയിക്കേണ്ടത് ഹര്‍ജിക്കാരാണെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

Back to top button
error: