എല്‍ഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തില്‍ ഉണ്ടാകു.അടുത്ത തിരഞ്ഞെടുപ്പോടെ ഇന്ത്യയിൽ ബിജെപി മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
സാമുദായിക ധ്രൂവീകരണം നടത്തി മുന്നേറ്റം ഉണ്ടാക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അത് തടയാൻ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഈരാറ്റുപേട്ടയില്‍ വൈദികനെ ആക്രമിച്ച സംഭവത്തില്‍ അക്രമിയുടെ സംഘടന ഏതെന്ന് പറയുന്നില്ല. വൈദികനെ ആക്രമിച്ച ആളുടെ പേര് പോലും വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. മറ്റേതൊരു സംസ്ഥാനത്തായിരുന്നാലും വലിയ പ്രശ്നം ആവേണ്ടതായിരുന്നു ഇതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വിജയിക്കുമെന്ന് കെ സുരേന്ദ്രൻ അവകാശപ്പെട്ടു. മാധ്യമ സർവേകളില്‍ നിന്ന് തന്നെ ബിജെപിയുടെ ജനപിന്തുണ തെളിഞ്ഞുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യ വാരത്തില്‍ ഉണ്ടാകുമെന്നും സംസ്ഥാന ഘടകത്തിൻ്റെ നിർദ്ദേശങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ അറിയിച്ചു.