കണ്ണൂർ: സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയില്‍നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ ഉയർന്ന പലിശയില്‍ നിക്ഷേപമെന്ന പേരില്‍ പണം തട്ടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.