തിരുവനന്തപുരം:പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.
പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയിൽ വഴിയും ലഭിക്കും. 91- 417-2770543, 91-471-2770528 ه ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്‌ഡ് കാൾ സേവനം) എന്നീ ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസിൻ്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.