KeralaNEWS

വൈദികനെ വാഹനമിടിച്ച്‌ അപായപ്പെടുത്താനുള്ള ശ്രമം ദൗർഭാഗ്യകരം; പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം : കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്‌.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

ദൈവാലയത്തില്‍ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച്‌ ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം എപ്പോഴും പുലര്‍ത്തുന്ന അന്തസ്സുറ്റ നിലപാടുകളെ പരിപൂര്‍ണ്ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്. ഇത് അപലപിക്കപ്പെടേണ്ടതും കുറ്റക്കാര്‍ ശിക്ഷിയ്ക്കപ്പെടേണ്ടതുമായ പ്രവൃത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Signature-ad

ആരാധനയെ തടസപ്പെടുത്തുവാൻ പാടില്ലായെന്ന്  പറഞ്ഞ വൈദികനെ വാഹനമിടിച്ച്‌ അപായപ്പെടുത്താന്‍ നടത്തിയ ശ്രമം തൊടുപുഴയിൽ അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തെ പോലെ തന്നെ ഭീകരപ്രവര്‍ത്തനമായി  കാണേണ്ടതുണ്ട്. കേരളത്തിന്റെ മത സന്തുലിതാവസ്ഥയെ പരിപൂര്‍ണ്ണമായി നശിപ്പിക്കുന്ന ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടതും ചെറുക്കേണ്ടതും. സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായിക ബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയും ചെയ്യുന്ന നിലപാട് നമ്മുടെ പൊതുസമൂഹത്തെ തകർക്കുകയും സമുദായങ്ങള്‍ തമ്മില്‍ സ്പർധയും വിദ്വേഷവും വർദ്ധിപ്പിക്കുകയും ചെയ്യും എന്നത് ഏവരും ഓർത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാർഗ്ഗമെന്നും കർദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

കുറ്റക്കാരായവരെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി ശിക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ദൈവത്തിന്റെ സ്വന്തം നാട് പിന്തുടരുന്ന സമുദായിക ബന്ധങ്ങള്‍, സമുദായ അംഗങ്ങള്‍ക്കിടയിലുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ഇവ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളെ നാം ഒരുമിച്ച്‌ അപലപിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്-കാതോലിക്കാ ബാവ പറഞ്ഞു

അതേസമയം പൂഞ്ഞാര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയുടെ മുറ്റത്തു വൈദികനെ വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 28 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.47 പേരാണ്‌ സംഘത്തിലുണ്ടായിരുന്നതെന്നും കൂടുതല്‍ പേര്‍ പ്രതികളാകുമെന്നുമാണ് സൂചന. വധശ്രമത്തിന്‌ അടക്കമാണ്‌ കേസ്‌. സംഘത്തില്‍ പ്രായപൂര്‍ത്തിയായവരും പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്‌. സംഘം സഞ്ചരിച്ച അഞ്ചു കാറുകളും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

പരുക്കേറ്റ, പൂഞ്ഞാര്‍ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ്‌ ആറ്റുച്ചാലില്‍ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കഴിഞ്ഞ 23നു വിശുദ്ധ കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്തു പുറത്തുനിന്നെത്തിയ അന്‍പതിലധികം പേരുടെ സംഘം കാറുകളിലും ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്‌ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുകയുമായിരുന്നു.

ബൈക്ക് റേസിങ് മൂലം വലിയ ശബ്ദമുണ്ടായതോടെ വൈദികൻ പുറത്തെത്തുകയും ശല്യപ്പെടുത്തരുതെന്ന് പറഞ്ഞെങ്കിലും വൈദികനെ കേള്‍ക്കാൻ കൂട്ടാക്കാതെ ഇവർ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായത്. തുടർന്ന് വൈദികനും ഒപ്പമുണ്ടായിരുന്ന ആളും ഗേറ്റ് അടക്കാൻ ശ്രമിക്കവേ കൂട്ടത്തില്‍ രണ്ട് പേർ ബൈക്കുമായി വൈദികനും നേരെ പാഞ്ഞടുത്ത് ഇടിച്ചു വീഴ്‌ത്തുകയാണൂണ്ടായത്. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു.

Back to top button
error: