അനുഭവമാണ് ഏറ്റവും വലിയ സമ്പാദ്യം, അറിവുകൊണ്ട് നേടിയവ അതിനു പകരമാകില്ല

വെളിച്ചം
ശില്പങ്ങള്‍ ഉണ്ടാക്കിവിറ്റാണ് ഗുരുവും ശിഷ്യനും ജീവിച്ചിരുന്നത്. ഓരോ ദിവസം കഴിയുന്തോറും ശിഷ്യന്‍ മികച്ച ശില്പങ്ങള്‍ ചെയ്തു വന്നു. അവയ്ക്ക് കൂടുതല്‍ വിലകിട്ടി. പക്ഷേ, ശിഷ്യന്റെ സൃഷ്ടികളില്‍കളെ ഗുരു വിമര്‍ശിച്ചു. എപ്പോഴും പോരായ്മകള്‍ ചൂണ്ടിക്കാട്ടി. ഗുരുവിന് തന്നോട് അസൂയയാണെന്ന് അവന്‍ ധരിച്ചു. ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു:
“ഇനി എനിക്ക് നിര്‍ദ്ദേശങ്ങളുടെ ആവശ്യമില്ല. ഞാന്‍ ഗുരുവിനേക്കാള്‍ നന്നായി ശില്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.”
ഗുരു അതോടെ ശിഷ്യനെ വിമര്‍ശിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും അവസാനിപ്പിച്ചു. അവിടം മുതൽ അവന്റെ വളര്‍ച്ചയും നിലച്ചു.
ഏറ്റവും മികവ് കുറഞ്ഞ ശിഷ്യനും തന്നേക്കാള്‍ മികച്ചവനാകണം എന്ന് നിര്‍ബന്ധബുദ്ധിയുളളവര്‍ക്ക് മാത്രമേ നല്ല ഗുരുവാകാന്‍ സാധിക്കൂ. അഹം ഇല്ലാത്തവര്‍ക്ക് മാത്രം സാധിക്കുന്നതാണിത്. ഗുരുവിനെ ആശ്രയിക്കണമെന്നല്ല, ഗുരുവിനെ വിശ്വസിക്കാന്‍ സാധിക്കണം. വളര്‍ത്തുന്നവരെ അവിശ്വസിച്ചാല്‍ വളരുന്നവയുടെ വേരുകള്‍ക്ക് ദൃഢതയുണ്ടാകില്ല.
ഗുരുക്കന്മാര്‍ക്കും അപൂര്‍ണ്ണതകളുണ്ടാകും. അവര്‍ അവസാനവാക്കാകണമെന്നില്ല. എങ്കിലും മുന്‍പരിചയവും, പലതിനേയും മറികടന്നുളള ശീലവും അവര്‍ക്കുണ്ട്. അനുഭവം കൊണ്ട് സമ്പാദിച്ചവയ്ക്ക് അറിവുകൊണ്ട് നേടിയവ പകരമാകില്ല.
മികവിലേക്കുളള വഴികാട്ടികളായി ഒരോ ഗുരുവിനെയും നമുക്ക് സ്വീകരിക്കാം.
ശുഭദിനം നേരുന്നു
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ






