പി സി ജോർജിനെ പത്തനംതിട്ടയില്‍ നിന്നും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കത്തെ വെട്ടാനാണ് സംസ്ഥാനത്തിൻ്റെ പട്ടികയില്‍ ശ്രീധരൻപിള്ളയെ ഒന്നാം പേരുകാരനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും.
പത്തനംതിട്ടയിലെ പട്ടികയില്‍ കുമ്മനം രാജശേഖരൻ്റെ പേര് ഇടംപിടിച്ചിട്ടില്ല. പി സി ജോർജോ കുമ്മനം രാജശേഖരനോ ആയിരിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകള്‍. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 2019ല്‍ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയില്‍ 2,97,396 വോട്ടുകള്‍ നേടിയിരുന്നു. ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്ത് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.
പാർട്ടി നിർദ്ദേശിച്ചാല്‍ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞിരുന്നു.പത്തനംതിട്ടയില്‍ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.