വാഷിങ്ടണ്‍: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിനെ പറ്റി ഓണ്‍ലൈന്‍ ക്ലാസെടുത്തിരുന്ന യൂടൂബ് വ്‌ളോഗര്‍ക്ക് കുട്ടികളെ പട്ടിണിക്കിട്ട് പീഡിച്ചിച്ചതിന് 60 വര്‍ഷം തടവ്. ദശലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ റൂബി ഫ്രാങ്കെയ്ക്കാണ് കനത്ത ശിക്ഷാ നടപടി നേരിടേണ്ടിവന്നത്.
ആറ് മക്കളുടെ അമ്മയായ റൂബി നാല് കേസുകളില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് 60 വര്‍ഷം തടവിന് ജഡ്ജി റിച്ചാര്‍ഡ് ക്രിസ്റ്റഫേഴ്‌സണ്‍ ശിക്ഷിച്ചത്. 2023 ഓഗസ്റ്റിലാണ് റൂബി ഫ്രാങ്കെയും അവരുടെ മുന്‍ ബിസിനസ്സ് പങ്കാളി ജോഡി ഹില്‍ഡെബ്രാന്‍ഡിനെയും അറസ്റ്റ് ചെയ്യുന്നത്. നാല് ബാലപീഡന കേസില്‍ വിചാരണ നേരിട്ടിരുന്ന അവര്‍ കഴിഞ്ഞ ഡിസംബറില്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഫ്രാങ്കെയുടെ ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനൊപ്പം ഭക്ഷണം നല്‍കാതെ അടച്ചിട്ടു. കുട്ടികള്‍ തടങ്കല്‍ പാളയത്തിന് സമാനമായ സാഹചര്യത്തിലാണ് കഴിഞ്ഞതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞത്.
കുട്ടികള്‍ക്ക് ഭക്ഷണവും, വെള്ളവും കൊടുത്തിരുന്നില്ല. കിടക്കാനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ വിനോദങ്ങളിലേര്‍പ്പെടുന്നത് പോലും നിഷേധിച്ചുവെന്നാണ് കണ്ടെത്തല്‍. ശിക്ഷാവിധി കേട്ടതിന് പിന്നാലെ കോടതിയില്‍ അവര്‍ പൊട്ടിക്കരഞ്ഞെന്നും കുട്ടികളോട് ക്ഷമ ചോദിച്ചെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാങ്കിന്റെ പോഷകാഹാരക്കുറവുള്ള 12 വയസ്സുള്ള മകന്‍ വിശപ്പ് സഹിക്കാനാകാതെ വീടിന്റെ ജനല്‍ ചാടിക്കടന്ന് അയല്‍വാസിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകള്‍ കയര്‍ കൊണ്ട് കെട്ടിയിരുന്നതിനാല്‍ ജനല്‍ ചാടിക്കടക്കുന്നതിനിടയില്‍ മുറിവേറ്റുവെന്നും പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.