തിരുവനന്തപുരം: റെയില്‍വേ ട്രാക്കിനടുത്ത് ആറടിയിലധികം താഴ്ചയുള്ള ഓടയില്‍ നിന്നാണ് നാടുമുഴുവന്‍ കാത്തിരുന്ന രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത്. 19 മണിക്കൂറിനു ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവാര്‍ത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത നിലനില്‍ക്കുന്നു. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. രാവിലെ മുതല്‍ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.
പകല്‍ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തുമ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായെന്നു സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്തു കൂടി കടന്നുപോയ മൊബൈല്‍ ഫോണുകളുടെ 3000 സിംകാര്‍ഡുകളാണ് ലൊക്കേറ്റ് ചെയ്തത്. അത് ഓരോന്നും പരിശോധിക്കുന്ന നടപടികള്‍ ഉച്ചയോടെ തുടങ്ങിയെങ്കിലും അതില്‍നിന്ന് ഒന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസമെടുക്കും ഇതു പൂര്‍ത്തിയാകാന്‍.
ഉച്ചകഴിഞ്ഞ് ഡ്രോണ്‍ ഉപയോഗിച്ച് ഈ പ്രദേശത്തെ പൊന്തക്കാടുകളും കുഴികളുമൊക്കെ കണ്ടെത്തുന്ന നടപടി തുടങ്ങി. രാവിലെ മുതല്‍ പരിശോധിച്ച സംഘത്തെ മാറ്റി തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിച്ചു. അവരോടു ഡ്രോണ്‍ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
പൊലീസ് ആദ്യം മുതല്‍ മൂന്ന് സംശയങ്ങളിലാണ് അന്വേഷണവുമായി മുന്നോട്ടുപോയത്. ആദ്യം കുട്ടിയുടെ പിതാവിന്റെ മൊഴികളില്‍ ചില സംശയങ്ങള്‍ തോന്നി. ദ്വിഭാഷിയെ ഉപയോഗിച്ചുള്ള ചോദ്യം ചെയ്യലിലും സംശയം വന്നപ്പോള്‍ പിതാവിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതിനിടെ പിതാവിന്റെ ബന്ധുക്കള്‍ ബംഗളൂരുവില്‍ നിന്നു വിമാനത്തിലെത്തി. അവരോടുകൂടി സംസാരിച്ചപ്പോള്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നിര്‍ത്തി. പിന്നീട് സിസി ടിവിയില്‍ രാത്രി 12ന് കണ്ടെന്നു പറഞ്ഞ ഈഞ്ചയ്ക്കല്‍ ഭാഗത്ത് അന്വേഷണം. ഒപ്പം, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളില്‍പെട്ട, പൊലീസിന്റെ പട്ടികയിലുള്ളവരെ പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു.
കുട്ടി നടന്നുപോകാന്‍ സാധ്യതയുണ്ടോ എന്നതും തള്ളിക്കളയാനാകില്ല എന്നതിനാലാണ് ഡ്രോണ്‍ പരിശോധന നടത്തിയത്. കുട്ടി ഉപദ്രവം നേരിട്ടോ, പരുക്കുണ്ടോ എന്ന മെഡിക്കല്‍ പരിശോധനാ ഫലം നോക്കിയായിരിക്കും പൊലീസിന്റെ മറ്റ് അന്വേഷണങ്ങള്‍. നടന്നുപോയി വീണതാണെങ്കില്‍ അക്കാര്യവും തിരിച്ചറിയാനാകും.
തിരച്ചില്‍ ശക്തമായപ്പോള്‍ ഇരുട്ടിന്റെ മറവില്‍ പ്രതികള്‍ ഉപേക്ഷിച്ചുപോയതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. അത് കണ്ടെത്താന്‍ കുട്ടി ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് സിസി ടിവിയൊന്നുമില്ല. ഇവിടേക്കുള്ള വഴികളും അവിടെയുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു സാധ്യതകളിലേക്കും പൊലീസ് പോകേണ്ടിവരും ആദ്യം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് കുട്ടി ബോധമില്ലാത്ത അവസ്ഥയിലാണെന്ന് തോന്നിയെന്നാണ്. മുഖത്തേക്ക് ടോര്‍ച്ച് തെളിച്ചപ്പോള്‍ അങ്ങനെയാണ് തോന്നിയത്. എടുക്കാനായി ചാടിയിറങ്ങിയപ്പോള്‍ കുട്ടി ഞെട്ടിയുണര്‍ന്നു.