തുടര്‍ച്ചയായി മൂന്നു തോല്‍വികളുമായി നിലംതൊടാതെ നിന്ന ചെന്നൈയ്ന് എഫ്സിയോട് അവരുടെ നാട്ടില്‍ പോയി നാണംകെട്ടതോടെ ഈ വര്‍ഷത്തെ മൂന്നാമത്തെ തുടര്തോല്വിയാണ് ഇവാന് വുക്കുമനോവിച്ചിന്റെ ടീം ഏറ്റുവാങ്ങിയത്.
ഈ തോല്‍വിയോടെ ഒന്നില്‍ നിന്ന് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലില്‍ എത്തി നില്ക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി 25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
മുംബൈ അടുത്ത കളികള്‍ ജയിച്ച് ബ്ലാസ്റ്റേഴ്സിനെ അഞ്ചിലേക്ക് വീഴ്ത്താനാണ് സാധ്യത. പ്ലേഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്ക്കുന്ന ജെംഷഡ്പൂര്‍ എഫ്സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു.
ഏഴു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ക്കും ഇപ്പോള്‍ പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാണ്. ഈ ടീമുകള്‍ മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ക്ക് ആദ്യ ആറിലേക്ക് അനായാസം എത്താവുന്നതാണ്. പതിനൊന്നില്‍ നില്ക്കുന്ന ഈസ്റ്റ് ബംഗാളും ആറാമതുള്ള ജെംഷഡ്പൂരും തമ്മിലുള്ള വ്യത്യാസം വെറും 5 പോയിന്റ് പോയിന്റ് മാത്രമാണ്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മുന്നോട്ടുള്ള യാത്രയില്‍ ഏറെ വെല്ലുവിളി നേരിടേണ്ടി വരിക പിന്‍നിരയിലുള്ള ടീമുകളില്‍ നിന്നാണ്. അവസാനം തോറ്റ മൂന്നില്‍ രണ്ടിലും എതിരാളികള്‍ പോയിന്റ് പട്ടികയില്‍ പിന്നില്‍ നില്‍ക്കുന്നവരായിരുന്നു.
കോച്ച് ഇവാന് വുക്കുമനോവിച്ചിനെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്. പിന്‍നിര ടീമുകളോട് പോലും പോരാടാതെ കീഴടങ്ങുന്ന പരിക്കേറ്റ നിരയുമായി എങ്ങനെ സീസണ് പൂര്‍ത്തിയാക്കുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുമുണ്ട്.
ഇനി ബാക്കിയുള്ള ഏഴില്‍ മൂന്ന് കളിയെങ്കിലും ജയിച്ചില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ ആറില്‍ നിന്ന് പുറത്തു പോകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ചെന്നൈയ്നെതിരായ കളിയില്‍ സച്ചിന് സുരേഷിനും മാര്‍ക്കോ ലെസ്കോവിച്ചിനും പരിക്കേറ്റിരുന്നു.
ഇക്കൂട്ടത്തില്‍ സച്ചിന് സുരേഷിന്റെ പരിക്കാണ് ടീമിന് കൂടുതല്‍ ആശങ്ക പകരുന്നത്. സീസണില്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ മിന്നും പ്രകടനമാണ് ഈ യുവതാരം നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയൊരു പരിക്ക് കൂടി ബ്ലാസ്റ്റേഴ്സിന് താങ്ങാന്‍ സാധിക്കില്ല.