മുംബൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുക ബാരാമതിയിലായിരിക്കുമെന്ന് സൂചന. ശരദ് പവാറിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നടന്നേക്കും.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ബാരാമതിയിലെ നിലവിലെ എംപി. ഇവിടെ തന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരത്തിനിറക്കുമെന്ന് കഴിഞ്ഞ ദിവസം അജിത് പവാര്‍ സൂചന നല്കി. ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളാണ് ഇവിടെ സ്ഥാനാര്‍ഥിയാകുകയെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അജിത് പവാര്‍ പറയുകയുണ്ടായി.
2009 മുതല്‍ സുപ്രിയ സുലെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുന്ന മണ്ഡലമാണിത്. അതിന് മുമ്പ് ദീര്‍ഘകാലം അജിതിന്റെ ചെറിയച്ഛന്
ശരദ്പവാറായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിത്. അജിത് പവാറും ബാരാമതിയില്‍ എംപിയായിരുന്നിട്ടുണ്ട്.
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. വെള്ളിയാഴ്ച അജിത് പവാറിന്റെ പ്രസ്താവന കൂടി വന്നതോടെ അവര്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍സിപി ഔദ്യോഗിക പക്ഷമായി അജിത് പവാര്‍ പക്ഷത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതോടെ സുപ്രിയ സുലെയ്ക്ക് ഇതുവരെ മത്സരിച്ച പാര്‍ട്ടി ചിഹ്നവും നഷ്ടമാകും.