എറണാകുളം: മുഖത്ത് കുരുമുളകു പൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു എന്ന പരാതി വ്യാജം. മുളകുപൊടി വിതറി ആക്രമണം നടത്തി എന്നത് സ്വര്‍ണം കവരാനുള്ള നുണക്കഥയായിരുന്നു എന്നും സ്വര്‍ണവും ബാഗും ഒളിപ്പിച്ചത് ധനകാര്യ സ്ഥാപനത്തിന്റെ മാനേജരായ തൃക്ക ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥ് (28) തന്നെ ആയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മോഷണം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു.
മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂര്‍ നിധി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജരായ രാഹുല്‍ രഘുനാഥിനെ വ്യാഴാഴ്ച തൃക്ക ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് 26 ലക്ഷം രൂപയോളം വിലവരുന്ന 630 ഗ്രാം സ്വര്‍ണം കവര്‍ന്നു എന്നായിരുന്നു പരാതി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ആക്രമണവും മോഷണവും സ്വര്‍ണം കവരാന്‍ രാഹുല്‍ തന്നെ സൃഷ്ടിച്ച നുണക്കഥയാണെന്നു വ്യക്തമായത്. സംഭവസ്ഥലത്ത് എത്തി പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നുണ്ടായ സംശയങ്ങളാണു രാഹുലിന്റെ പരാതി വ്യാജമാണെന്ന നിഗമനത്തിലേക്കു പൊലീസ് എത്തിച്ചത്.
തുടര്‍ന്ന് ആക്രമണത്തില്‍ പരുക്കേറ്റു എന്ന വ്യാജേന ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രാഹുലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇന്നലെ പുലര്‍ച്ചെ രാഹുല്‍ കുറ്റം സമ്മതിച്ചു.