ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ധനസഹായം നല്കുന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര് ഗവായ്, ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാനുള്ളത് വോട്ടര്‍മാരുടെ അവകാശമാണ്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ ലംഘനമാണ്. കള്ളപ്പണം ഇല്ലാതാക്കാനുള്ള വഴി ഇലക്ടറല്‍ ബോണ്ടുകള്‍ മാത്രമല്ല. വിവരങ്ങള്‍ മറച്ചുവെക്കുന്നത് വിവരാവകാശ നിയമത്തിനു എതിരാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കും. കള്ളപ്പണം ഇല്ലാതാക്കല്‍ ജനങ്ങളുടെ വിവരാവകാശ നിയമം മറികടക്കാനുള്ള കാരണമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സാമ്പത്തിക സഹായവും സംഭാവനയും ഒരുപോലെ ദോഷകരമാണ്.
എല്ലാത്തരം സംഭാവനകളും ഒരുപോലെയല്ല. വിദ്യാര്‍ഥികളും ദിവസ വേതനക്കാരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നുണ്ട്. എല്ലാത്തരം സംഭാവനകളും നയരൂപീകരണത്തെ സ്വാധീനിക്കുന്നില്ല.
സ്വകാര്യത കാരണമാക്കി ചില ഇടപാടുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് അനുവദിക്കാന്‍ കഴിയില്ല. വിവരങ്ങളുടെ രഹസ്യാത്മകത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ക്കും ബാധകമാണ്.
പരിധിക്ക് ഉള്ളിലുള്ള സംഭാവനകളെ അംഗീകരിക്കാന്‍ കഴിയൂ. പൊതുനയങ്ങളെ സ്വാധീനിക്കുന്ന സംഭാവനകള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം നല്കാന് കഴിയില്ല.
കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനിയന്ത്രിതമായി സംഭാവന ചെയ്യാന്‍ സാധിക്കുന്ന കമ്പനി ആക്ട് ഭേദഗതി ഭരണഘടനാ വിരുദ്ധമാണ്. കൂടുതല്‍ സംഭാവന നല്കുന്ന കമ്പനിക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. കമ്പനികള്‍ നല്കുന്ന സംഭാവനകള്‍ തീര്‍ത്തും വ്യാവസായിക ഇടപാടുകള്‍ മാത്രമാണെന്നും കോടതി വിധിയില്‍ പറയുന്നു.