മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളും പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് സൂചന. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പവാറിനെ സന്ദര്‍ശിച്ചിരുന്നു. എന്‍സിപിയില്‍ കൂടിയാലോചനകള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ സുപ്രിയ സുളെ എംപിയും മറ്റു നേതാക്കളും ലയനനീക്കം നിഷേധിച്ചു.
മരുമകന് അജിത് പവാര്‍ നേതൃത്വം നല്കുന്ന വിഭാഗവുമായുള്ള നിയമപോരാട്ടത്തില്‍ ശരദ് പവാറിന് എന്‍സിപി ചിഹ്നവും പേരും നഷ്ടപ്പെട്ടിരുന്നു. ജനകീയ നേതാവായ അശോക് ചവാനെ കോണ്‍ഗ്രസിനും നഷ്ടപ്പെട്ടു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ശരദ് വിഭാഗത്തെ തിരിച്ചെത്തിക്കാനായാല്‍ രാഷ്ട്രീയചിത്രം മാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍.
എന്നാല്‍, പവാര്‍ സമ്മതം മൂളുമോയെന്നതാണ് വലിയ ചോദ്യം. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ നിയന്ത്രണം തനിക്കു ലഭിക്കുന്ന സാഹചര്യം ഉറപ്പായാല്‍ മാത്രമേ അദ്ദേഹം വഴങ്ങാനിടയുള്ളൂ. ബാറ്റണ്‍ കൈമാറാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകുമോയെന്നതും ഈ നീക്കത്തിന്റെ ഗതി നിര്‍ണയിക്കും. കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും സഖ്യകക്ഷിയായിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പിലും മത്സരിക്കുകയെന്ന് അഭ്യൂഹങ്ങളോടു പ്രതികരിച്ച് സുപ്രിയ സുളെ പറഞ്ഞു.
സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉന്നയിച്ച് 1999 ലാണ് കോണ്‍ഗ്രസ് വിട്ട് പവാര്‍ എന്‍സിപി രൂപീകരിച്ചത്.