തിരുവനന്തപുരം: കെഎസ്‌ആർടിസി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി വീണ്ടും ബിജു പ്രഭാകർ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി.വേണുവിന് കത്തുനല്‍കി.
ഗതാഗത സെക്രട്ടറി സ്ഥാനവും ബിജു പ്രഭാകർ ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് സൂചന.
കെഎസ്‌ആർടിസിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഗതാഗതമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മാനേജ്‌മെന്റിന്റെ പിടിപ്പുകേടായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. ഇക്കാരണത്താല്‍ തന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന നിലപാടാണ് ബിജു പ്രഭാകറിന് ആദ്യം മുതല്‍ ഉണ്ടായിരുന്നത്. ലാഭത്തിലോടുന്ന ഇലക്‌ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന ഗതാഗതമന്ത്രിയുടെ പരാമർശവും ഭിന്നത രൂക്ഷമാക്കി.
നയപരമായ വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും കാരണം വ്യക്തമാക്കാതെയാണ് എംഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയിരിക്കുന്നത്.