മലയാള ചലച്ചിത്രാസ്വാദകർക്ക് എപ്പോഴും പ്രിയപ്പെട്ട ജോണറാണ് ഇൻവസ്റ്റിഗേഷൻ ഗണത്തിൽപ്പെട്ട സിനിമകൾ. ഇത്തരം സിനിമകൾക്ക് എക്കാലവും ഇവിടെ വൻ സ്വീകാര്യതയാണ്. എന്നാൽ പതിവ് ഇൻവസ്റ്റിഗേഷൻ സിനിമകളിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് ഡാർവിൻ കുര്യാക്കോസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും സിനിമ. രണ്ടു കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനൊപ്പം ഒരു പൊലീസുകാരന്റെ ജീവിതം കൂടി പറഞ്ഞുപോവുന്നു ഈ ചിത്രം.
ടൊവിനോ അവതരിപ്പിച്ച എസ് ഐ ആനന്ദ് നാരായണന്റെ ജീവിതത്തെയും കരിയറിനെയുമെല്ലാം മാറ്റിമറിച്ചൊരു കേസിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്. തന്റെ അച്ഛന്റെ പാത പിന്തുടർന്ന് പൊലീസായ ആനന്ദ് ജോലിയിലേക്ക് പ്രവേശിക്കുന്നതും വലിയ മോഹങ്ങളോടെയാണ്. ജോലിയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തുന്ന ഈ പൊലീസുകാരൻ കരിയറിൽ നേരിടേണ്ടി വന്നത് വലിയ വെല്ലുവിളികളായിരുന്നു.
സത്യസന്ധമായി കേസന്വേഷണം നടത്തുന്ന പൊലീസുകാർക്കു മുന്നിൽ എങ്ങനെയാണ് സിസ്റ്റവും പവറും സമൂഹമവുമൊക്കെ മതിലുകൾ തീർക്കുന്നതെന്ന് ഈ സിനിമയിലൂടെ സംവിധായകൻ നമുക്ക് കാണിച്ച് തരുന്നുണ്ട്. ടൊവിനോ ഈ സിനിമയിൽ വളരെ നന്നായി അഭിനയിച്ചുട്ടുണ്ട്. കൽക്കി, എസ്ര, തരംഗം തുടങ്ങിയ ചിത്രങ്ങളിൽ കണ്ട ടൊവിനോയുടെ പൊലീസ് കഥാപാത്രങ്ങളുടെയൊന്നും ഷെയ്ഡ് ആനന്ദിൽ കണ്ടെത്താനാവില്ല.
മലയാള സിനിമയിൽ നിരവധി താരങ്ങൾ അണിനിരന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, സാദിഖ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ, ശ്രീജിത്ത് രവി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പ്രത്യേകതയുമുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണന്റെ മ്യൂസിക്കും കൂടെ ആയപ്പോൾ സിനിമ വേറിട്ട തിയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകന് സമ്മാനിച്ചത്.