CrimeNEWS

പശ്ചിമബംഗാളില്‍നിന്ന് ലഹരി കടത്ത്; 18 കിലോ കഞ്ചാവുമായി കുടിയേറ്റ തൊഴിലാളികള്‍ അറസ്റ്റില്‍

മലപ്പുറം: പശ്ചിമബംഗാളില്‍നിന്ന് എടക്കരയിലേക്ക് തീവണ്ടി മാര്‍ഗ്ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് പിടിയിലായി. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അനീഷിന്റെ നേതൃത്വത്തില്‍ എടക്കര പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 9.00 മണിയോടെ മുട്ടിക്കടവ് പൂച്ചക്കുത്ത് വെച്ച് പ്രതികള്‍ പിടിയിലായത്.

പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് സ്വദേശികളായ അംജത് ഖാന്‍ (32), ഖുശിബുള്‍ (43), അബ്ദുള്‍ റഹ്‌മാന്‍ (23), കരീം ഖാന്‍ (24) എന്നിവരെയാണ് എസ്.ഐ. സി.പി. റോബര്‍ട്ട് അറസ്റ്റ് ചെയ്തത്. അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച് ജില്ലയിലെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേയ്ക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്.

Signature-ad

ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘങ്ങളേക്കുറിച്ചും ഏജന്റുമാരെ കുറിച്ചും ജില്ലാ പോലീസ് മേധാവി ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

 

Back to top button
error: