ചെന്നൈ: താരപദവിയില്‍ ജ്വലിച്ചുനില്‍ക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങാനുള്ള വിജയ്യുടെ തീരുമാനം തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പു ചിത്രത്തില്‍ നാടകീയമാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. എം.ജി.ആറിന്റെയും ജയലളിതയുടെയും കാലം പിന്നിട്ട് സിനിമാ രാഷ്ട്രീയത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ വിജയ്ക്ക് കഴിയുമോ എന്നറിയാന്‍ പക്ഷേ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും.
എം.കെ. സ്റ്റാലിന്റെ കീഴില്‍ സര്‍വശക്തരായിനില്‍ക്കുന്ന ഡി.എം.കെയും ശക്തി വീണ്ടെടുക്കാന്‍ പണിപ്പെടുന്ന അണ്ണാ ഡി.എം.കെയും മൂന്നാംമുന്നണിക്കു ശ്രമിക്കുന്ന ബി.ജെ.പിയുമായി സംസ്ഥാനരാഷ്ട്രീയത്തില്‍ ബഹുകോണമത്സരത്തിന് വഴിതെളിഞ്ഞിരിക്കേയാണ് പുതിയൊരു പാര്‍ട്ടികൂടി രംഗത്തുവരുന്നത്. വിജയുടെ ‘തമിഴക വെട്രി കഴകം’ ആരുമായൊക്കെയാണ് സഖ്യമുണ്ടാക്കുകയെന്നത് സംസ്ഥാനരാഷ്ട്രീയത്തില്‍ പുതിയസമവാക്യങ്ങള്‍ രചിക്കും. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുകയോ ചെയ്യില്ലെന്ന് വിജയ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിനുള്ള കരുനീക്കങ്ങള്‍ക്ക് രണ്ടുവര്‍ഷം സമയം ലഭിക്കും.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള താരസംഘടനകളില്‍ ഏറ്റവും ശക്തമാണ് വിജയ് മക്കള്‍ ഇയക്കം. പുതിയ കക്ഷിയിലേക്ക് മൊബൈല്‍ ആപ്പ് വഴി അംഗങ്ങളെ ചേര്‍ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഈ സംഘടനതന്നെയായിരിക്കും. എം.ജി.ആറിന്റെ ആരാധക സംഘടനയ്ക്കു സമാനമാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും സമാനശക്തി രാഷ്ട്രീയത്തില്‍ നിലനിര്‍ത്താന്‍ വിജയ് മക്കള്‍ ഇയക്കത്തിനു കഴിയുമോയെന്ന് സംശയമാണ്. രണ്ടുവര്‍ഷംമുമ്പ് തമിഴ്‌നാട്ടിലെ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കത്തിലെ 160-ഓളംപേര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി മത്സരിച്ചിരുന്നു. ഇതില്‍ 129 പേര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടുനടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
സംസ്ഥാനം ഭരിക്കുന്ന ഡി.എം.കെയെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുകാലത്ത് അണ്ണാ ഡി.എം.കെക്കെതിരേ പരസ്യമായി അദ്ദേഹം രംഗത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഈ മൂന്നു കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ പുതിയപാര്‍ട്ടിക്ക് എളുപ്പമാവില്ല. അതേസമയം, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ, രാംദാസിന്റെ പി.എം.കെ, തമിഴ് മാനില കോണ്‍ഗ്രസ് എന്നിവരൊക്കെ പുതിയ സഖ്യപരീക്ഷണത്തിന്റെ ഭാഗമായേക്കാം. ഡി.എം.കെയുമായി ഇടഞ്ഞാല്‍ കോണ്‍ഗ്രസും വി.സി.കെയും വിജയ്‌ക്കൊപ്പം ചേരാനിടയുണ്ട്. പഴയ വിരോധം മറന്ന് ബി.ജെ.പിയുമായോ അണ്ണാ ഡി.എം.കെയുമായോ സഖ്യമുണ്ടാക്കാന്‍ വിജയ് തയ്യാറായാല്‍ ഡി.എം.കെ. മുന്നണിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ കഴിയുകയും ചെയ്യും.