IndiaNEWS

വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി ജയ് ഷാ

മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.

ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടി നല്‍കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്‍റ് ഷമ്മി സില്‍വയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ജയ് ഷായുടെ പേര് നിര്‍ദേശിച്ചത്.

Signature-ad

2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കാലാവധി. 2023ല്‍ ഒരു വര്‍ഷത്തേക്ക് കൂടി വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയതോടെ ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഐസിസി ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധിയായി ജയ് ഷാ മത്സരിക്കുമെന്നും ഏതാണ്ട് ഉറപ്പായി. തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും.

2019ല്‍ 31-ാം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായി.

ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചു. 2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ല്‍ ബിസിസിഐ സെക്രട്ടറിയായി.ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.

Back to top button
error: