Fiction

നമുക്കു നമ്മെ സ്വയം കടഞ്ഞെടുക്കാം, സ്വയം സ്ഫുടം ചെയ്ത നന്മയുടെ കേദാരമാകട്ടെ ഓരോരുത്തരുടെയും മനസ്സ്

വെളിച്ചം

       ഗുരുവും ഇരുപത് ശിഷ്യന്മാരുമാണ് ആ ആശ്രമത്തില്‍ താമസിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ചയും ഗുരുജി എവിടേക്കോ പോകുമായിരുന്നു.  അതുകൊണ്ട് തന്നെ അന്ന് അവര്‍ക്ക് വിദ്യകളൊന്നും പഠിക്കാനില്ലായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ പ്രധാന  ശിഷ്യന്‍ മറ്റുള്ളവരോട് പറഞ്ഞു:

Signature-ad

“ഗുരുജി എല്ലാ തിങ്കളാഴ്ചയും എവിടെ പോകുന്നുവെന്ന് ഞാന്‍ കണ്ടുപിടിക്കാന്‍ പോവുകയാണ്.  ചിലപ്പോള്‍ ശക്തികിട്ടുന്ന നിഗൂഢമായ വിദ്യപഠിക്കാനാകും പോകുന്നത്, അല്ലെങ്കില്‍ ദൈവത്തെ കാണാന്‍ പോകുന്നതാകും, അതുമല്ലെങ്കില്‍ എന്തെങ്കിലും ദുര്‍നടപ്പ് ആകാനും സാധ്യതയുണ്ട്. എന്തായാലും അടുത്ത തിങ്കളാഴ്ച ഞാനീ കള്ളത്തരം പൊളിക്കും, തീര്‍ച്ച.”

ശിഷ്യന്മാര്‍ കാത്തിരുന്നു.  അടുത്ത തിങ്കളാഴ്ചയായി.  ഗുരുജി ഇറങ്ങിയതിന്റെ പിന്നാലെ ശിഷ്യനും യാത്രയായി. ഏറെ ദൂരം പിന്നിട്ട് അദ്ദേഹം ഒരു വീട്ടിലേക്ക് കയറി പോകുന്നതാണ് ശിഷ്യൻ കണ്ടത്.  ഉച്ച കഴിഞ്ഞാണ് തിരിച്ചു പോയത്.
ഗുരുജി പോയപ്പോള്‍ തുറന്ന് കിടന്ന വാതിലിലൂടെ ശിഷ്യൻ വീടിനകത്തേക്ക് കയറി.
അവിടെ കട്ടിലില്‍ ഒരു മനുഷ്യന്‍ തളര്‍ന്ന് കിടപ്പുണ്ടായിരുന്നു. ഗുരുജി അയാളുടെ മുറി വൃത്തിയാക്കി, അയാളെ കുളിപ്പിച്ച്, വസ്ത്രങ്ങള്‍ എല്ലാം അലക്കി, ഭക്ഷണം ഉണ്ടാക്കി അയാള്‍ക്ക് കൊടുത്തിട്ടാണ് മടങ്ങിയതെന്ന് അയാൾ മനസ്സിലാക്കി…!

തിരികെ ആശ്രമത്തില്‍ ചെന്നപ്പോള്‍  മറ്റു ശിഷ്യന്മാര്‍ അയാൾക്കു ചുറ്റും കൂടി.  അവര്‍ ചോദിച്ചു:

“ഗുരുജി ദുര്‍നടപ്പിന് പോയതായിരുന്നോ?”

“അല്ല, അതൊരു നല്ലനടപ്പായിരുന്നു..”

ശിഷ്യന്‍ കണ്ണ് നിറഞ്ഞ്‌കൊണ്ടു പറഞ്ഞു.
“അത് സ്വര്‍ഗ്ഗം തേടുന്ന യാത്രയായിരുന്നോ ?”
മറ്റൊരാള്‍ ചോദിച്ചു.

“അല്ല, അത് ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്ന യാത്രയായിരുന്നു.”

” ദൈവത്തെ ഗുരുജി കണ്ടുവോ?”  വേറൊരാളുടെ ചോദ്യം.

“ദൈവം ഗുരുജിയെ വന്ന് കണ്ടു കാണും. “

ശിഷ്യന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പാലാഴി കടഞ്ഞപ്പോള്‍ അമൃത് ലഭിച്ച ഒരു കഥയുണ്ട്, അമൃതിനൊപ്പം നല്ലതും ചീത്തയുമായ ഒരുപാട് വസ്തുക്കള്‍കൂടി അവര്‍ക്ക് ലഭിച്ചു.

  മനുഷ്യമനസ്സിനേയും ഒന്ന് കടഞ്ഞെടുത്താല്‍ ഇതുപോലെ നല്ലതും ചീത്തയുമായ അനേകം വികാരങ്ങള്‍ ലഭിക്കും.  സ്‌നേഹം , പ്രണയം,  വാത്സല്യം, നന്മ, കരുതല്‍  തുടങ്ങിയ നല്ല വികാരങ്ങളും, പരദൂഷണം, അസൂയ, കോപം,  അക്ഷമ, അത്യാഗ്രഹം തുടങ്ങി വിഷലിപ്തമായ വികാരങ്ങളും ലഭിക്കും.

ഓരോ ദിവസവും നമുക്കും നമ്മെ സ്വയം കടഞ്ഞെടുക്കാം.. അങ്ങനെ സ്വയം സ്ഫുടം ചെയ്ത ശുദ്ധഉല്പന്നങ്ങളുടെ വിപണനം ആകട്ടെ നമ്മുടെ മനസ്സ്.
നന്മ നിറഞ്ഞ ശുഭദിനം നേരുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: