നടന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സംസ്‌കാരം കഴിഞ്ഞു. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം.
കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന്
ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
ജയരാജിന്റെ ദേശാടനത്തില്‍ തുടങ്ങി പിന്നീട് മലയാളം കടന്ന് തമിഴിലും അഭിനയിച്ചു. കമല്‍ഹാസനൊപ്പം ‘പമ്മല്‍ കെ സമ്മന്തം’, രജനീകാന്തിനൊപ്പം ‘ചന്ദ്രമുഖി’, ഐശ്വര്യ റായിയുടെയും തബുവിന്റെയും മുത്തച്ഛന്‍ വേഷത്തില്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’, മലയാളസിനിമകളായ ‘രാപ്പകല്‍’, ‘കല്യാണരാമന്‍’, ‘ഒരാള്‍മാത്രം’ തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത ‘മഴവില്ലിന്നറ്റംവരെ’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.
കോറോത്തെ പുല്ലേരി നാരായണ വാദ്ധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായാണ് ജനനം. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി.വി.ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍(കേരള ഹൈക്കോടതി ജഡ്ജി), യമുന (കൊല്ലം). മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സിനിമാ ഗാനരചയിതാവ്, ഗായകന്‍, അഭിനേതാവ്), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എന്‍ജിനീയര്‍, കൊല്ലം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ. പി.വി.കെ. നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.
മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍, ജയരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.