കോഴിക്കോട്: ബഹ്‌റൈനിലെ മനാമയില്‍ മലയാളി കൊല്ലപ്പെട്ടതു കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുടെ മര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ട്. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീര്‍ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ബഹ്റൈന്‍ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.
ഇരുപത്തിയഞ്ച് വര്‍ഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്റ്റോര്‍ നടത്തി വരികയായിരുന്നു ഇദ്ദേഹം. യുവാവു പണം നല്‍കാതെ പോകാന്‍ ശ്രമിച്ചതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബഷീറിന് മര്‍ദനമേറ്റു.
ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല.
അതേസമയം, വിസിറ്റ് വിസകളിലെത്തുന്നവര്‍ പിന്നീട് വര്‍ക്ക് പെര്‍മിറ്റ് നേടുന്നത് നിയമപ്രകാരം നിരോധിക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ നിയമ ഭേദഗതി ഉണ്ടാകണമെന്ന ആവശ്യം അഞ്ച് എം.പി മാരുടെ നേതൃത്വത്തില്‍ ഉന്നയിച്ചു. 1965ലെ ഫോറിനേഴ്സ് (മൈഗ്രേഷന്‍ ആന്‍ഡ് റെസിഡന്‍സി) നിയമം ഭേദഗതി ചെയ്യാനുള്ള ശിപാര്‍ശക്കനുകൂലമായി പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗങ്ങള്‍ ഏകകണ്ഠമായി നിലപാടെടുത്തു. എന്നാല്‍, ടൂറിസം മന്ത്രാലയം ഇതിനെ അനുകൂലിച്ചിട്ടില്ല.