തിരുവനന്തപുരം: 800 കോടി രൂപ ചെലവിട്ട് പത്തനംതിട്ടയിൽ ഉൾപ്പെടെ 8 ജില്ലകളിൽ ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള സർക്കാർ.മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കൈമാറിയത്.
8 സ്റ്റേഡിയങ്ങളും നിർമ്മിക്കുന്നത് പ്രശസ്തമായ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക.കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുന്നത്.
രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളിലും സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി നിർമ്മിക്കുന്നുണ്ട്.
5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കത്തക്കവിധമാണ് കരാർ.മൂന്നുവർഷത്തിനുള്ളിൽ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കുന്നത്. 40000 – 50000 വരെയാണ് സ്റ്റേഡിയങ്ങളുടെ കപ്പാസിറ്റി.
കഴിഞ്ഞ ദിവസം ഖത്തറിലെ ഏഷ്യൻ കപ്പ് വേദിയിൽ വച്ച് ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് വേദിയാകാൻ നിലവാരമുള്ള ഒരു സ്റ്റേഡിയം നിർമാണത്തിന് നിക്ഷേപം നടത്താൻ കേരള സർക്കാർ തയാറാവുകയാണെങ്കില്‍ ഏറെ അഭിനന്ദനീയമെന്നും കേരളത്തിലെ ഫുട്ബോൾ ആരാധകർ ഉന്നത നിലവാരം പുലർത്തുന്നവരാണെന്നും ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞിരുന്നു.
‘അങ്ങനെയെങ്കില്‍ ഇന്ത്യൻ ടീമിന് കേരളത്തില്‍ വന്നു കളിക്കാനും ആസ്വദിക്കാനും സൗകര്യമാകും.കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ സ്പിരിറ്റ് ഇവിടെ ഇന്ത്യയുടെ മത്സരങ്ങളില്‍ ഞാൻ കണ്ടു.ഈ ആരാധകർ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിനായി ആർപ്പു വിളിക്കുന്നത് ഞാൻ ഇതിനുമുൻപും ശ്രദ്ധിച്ചിട്ടുണ്ട്.ഇന്ത്യൻ ടീമിനൊപ്പം കേരളത്തിലേക്ക് വരാനും അവർക്ക് മുൻപില് ഔദ്യോഗിക മത്സരങ്ങള്‍ കളിക്കാനും ഏറെ ആഗ്രഹമുണ്ട്. പക്ഷേ ഫിഫ ലൈസൻസിങ് നിലവാരമുള്ള ഗ്രൗണ്ട് ഇല്ലാത്തതാണ് ഏക തടസ്സം’-സ്റ്റിമാക് പറഞ്ഞിരുന്നു.