IndiaNEWS

‘ട്രപ്പീസ് കളി’ തുടര്‍ന്ന് നിതീഷ്, മോദിക്കൊപ്പം വേദി പങ്കിടും

ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തില്‍നിന്ന് അകല്‍ച്ചയുടെ സൂചന നല്‍കുന്ന നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി നാലിന് ബിഹാറിലെ ബേതിയയില്‍ നടക്കുന്ന റാലിയില്‍ മോദിക്കൊപ്പം പങ്കെടുത്തേക്കുമെന്നാണ് സൂചന. അന്ന് എല്ലാ ജെ.ഡി.യു. എം.എല്‍.എമാരോടും ബേതിയയില്‍ എത്താന്‍ നിതീഷ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജെഡിയു വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

നിയമസഭ പിരിച്ചുവിടാന്‍ നിതീഷ് ശുപാര്‍ശ ചെയ്യുമെന്ന അഭ്യൂഹവും പട്നയില്‍ ഉയരുന്നുണ്ട്. ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന സൂചന ഉയര്‍ത്തി ആര്‍.ജെ.ഡി.യും ജെ.ഡി.യു.വും പട്നയില്‍ പ്രത്യേകം യോഗംചേര്‍ന്നിരുന്നു. നിതീഷും ആര്‍.ജെ.ഡി.യുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. കുടുംബവാഴ്ച വിഷയം ഉയര്‍ത്തി നിതീഷ് ബുധനാഴ്ച ലാലു കുടുംബത്തെ പരോക്ഷമായി ലക്ഷ്യമിട്ട് നടത്തിയ വിമര്‍ശനങ്ങളും അസ്വസ്ഥതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈമാസം 30-ന് ബിഹാറിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയില്‍ നിതീഷ് പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

Signature-ad

സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല ഉയര്‍ത്തിയത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.

2022-ല്‍ ബി.ജെ.പി.യോട് ഇടഞ്ഞ് രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ നിതീഷിന്റെ പുതിയ ചാഞ്ചാട്ടങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യകക്ഷികള്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

ജെ.ഡി.യു- ആര്‍.ജെ.ഡി. ബന്ധം ഉലയുന്നെന്ന സൂചന ദിവസങ്ങളായി സംസ്ഥാനത്ത് ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയ്യാറല്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പുഫലം അനുകൂലമെങ്കില്‍ ദേശീയരാഷ്ട്രീയത്തില്‍ സുപ്രധാനപദവിയിലേക്കു മാറാനും നിതീഷ് ആഗ്രഹിക്കുന്നുണ്ട്.

അതുപോലെ ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെ.ഡി.യു.വിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആര്‍.ജെ.ഡിയുടെ ആവശ്യം.

Back to top button
error: