സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മലയാളിയായ 4 വയസുകാരി ജിയന്ന ആന്‍ ജിജോ മരിച്ച സംഭവത്തിൽ ദുരൂഹതകളേറെ. ഐടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്–ബിനീറ്റ ദമ്പതികളുടെ മകളാണ് ജിയന. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുട്ടി ചുമരിൽ തലയടിച്ച് വീണെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ വിളിക്കുന്നത്. ഇവർ സ്കൂളിൽ എത്തിയപ്പോഴേക്കും കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ പരിക്കുകൾ ഗുരുതരമാണെന്നു കണ്ടതോടെ മാതാപിതാക്കള്‍ ബെംഗളൂരുവിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. അപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
അപകടത്തിനു പിന്നിൽ സ്കൂൾ അധികൃതർക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നു എന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിൽ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സ്കൂളിലെ ക്യാമറ പ്രവർത്തിക്കാത്തതിനാൽ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.