ബംഗളൂരു: മണ്ഡ്യയിലെ മേലുക്കോട്ടെയില്‍ സ്വകാര്യ സ്കൂള്‍ ടീച്ചറുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ(28) മൃതദേഹമാണു മേലുകോട്ടെ യോഗ നരസിംഹ ക്ഷേത്രവളപ്പില്‍ മറവു ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇവരുടെ അയല്‍വാസിയായ നിതീഷിനെ വിജയനഗരയിലെ ഹൊസ്പേട്ടില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. നിതീഷും ദീപികയും കഴിഞ്ഞ 2 വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു.
എന്നാല്‍, കുടുംബാംഗങ്ങള്‍ ശക്തമായ താക്കീത് നല്‍കിയതോടെ ദീപിക പിന്മാറി. ഇതില്‍ രോഷാകുലനായ നിതീഷ് കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിക്കാനെന്ന പേരില്‍ ദീപികയെ മേലുകോട്ടെ ഹില്‍സിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ സ്കൂട്ടറില്‍ സ്കൂളിലേക്കു പോയ ദീപിക മടങ്ങിയെത്താത്തതോടെ ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.