കൊച്ചി: നിര്‍മാണത്തില്‍ കേടുപാടുകളുള്ള സാരി മാറ്റിനല്‍കാത്ത ടെക്‌സ്‌റ്റൈല്‍ ഉടമയ്ക്ക് പിഴ ചുമത്തി കോടതി. സില്‍ക്കിന്റെ വിവാഹ സാരി മാറ്റിനല്‍കാന്‍ വിസമ്മതിച്ചതിനാണ് സ്ത്രീക്ക് 75,040 നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടിരിക്കുന്നത്.
ചങ്ങനാശ്ശേരി സ്വദേശി പ്രൊഫ. സാറ തോമസ് ആണ് മകളുടെ വിവാഹത്തിനായി കൊച്ചിയിലെ കല്യാണ്‍ സില്‍ക്‌സില്‍നിന്ന് 2018 ജനുവരിയില്‍ സാരി വാങ്ങിയത്. 30,040 രൂപയായിരുന്നു സാരിയുടെ വില. നല്‍കി സില്‍ക്ക് സാരി വാങ്ങിയത്. വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. പിന്നീട് 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റിനല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് വാക്കുപാലിച്ചില്ല.
തുടര്‍ന്നാണ് സാരി നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇവര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സാരി മാറ്റിനല്‍കാത്തതിനു നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിലാണ് ഇപ്പോള്‍ കോടതിയുടെ വിധി വന്നിരിക്കുന്നത്. അധാര്‍മ്മികമായാണു കച്ചവടം നടത്തിയതെന്നും വ്യാപാരിയുടെ സേവനം അപര്യാപ്തതമാണെന്നും കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബെഞ്ച് വ്യക്തമാക്കി.
പരാതിക്കാരിക്കു പകരം മകളാണ് യഥാര്‍ത്ഥത്തില്‍ സാരി വാങ്ങിയതെന്ന് വ്യാപാരി കോടതിയില്‍ ചൂണ്ടിക്കാട്ടി. സാരിയുടെ നിര്‍മാണത്തില്‍ ന്യൂനതയില്ല. കാറ്റ് കടക്കാത്ത പെട്ടിയില്‍ ദീര്‍ഘകാലം സാരി സൂക്ഷിച്ചതുമൂലമാണ് ഇത് സംഭവിച്ചത്. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഇവര്‍ വാദിച്ചു.
എന്നാല്‍, സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദേശങ്ങള്‍ വ്യാപാരി ഉപഭോക്താവിന് നല്‍കിയതിനു തെളിവില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഉല്‍പ്പന്നത്തെ കുറിച്ച് വ്യക്തമായ അറിവ് ലഭിക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണിത്. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവ് ജാഗ്രത പാലിക്കണമെന്ന പരമ്പരാഗത തത്വത്തിന് പകരം വില്‍പനക്കാരന്‍ ജാഗ്രത പാലിക്കണമെന്നാണു നിയമമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 20,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കാന്‍ നിര്‍ദേശമുണ്ട്. പരാതിക്കാരിക്കു വേണ്ടി അഡ്വ. ജോര്‍ജ് ചെറിയാന്‍ ഹാജരായി.