ഗാസ മുനമ്ബിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളും തകർന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്ന് ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും അവരോടുള്ള ഉത്തരവാദിത്തം നിറവേറ്റാനും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും മനസാക്ഷിയുള്ള എല്ലാ ജനങ്ങളോടും തങ്ങള്‍ അഭ്യർത്ഥിക്കുന്നതായും ഗാസയിലെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു.
അതേസമയം ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 25,900 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 63,000 ആയി. 70,000 വീടുകളാണ് ഇസ്രായേലിന്റെ ആക്രമണത്തിൽ നിലംപരിശായത്. 2,90,000 പേർ ഭവനരഹിതരായി. കൂടാതെ 20 ലക്ഷത്തോളം ഫലസ്തീനികള്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു കഴിഞ്ഞു- മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.