ആലപ്പുഴ: വരിക്ക-കൂഴ വ്യത്യാസമില്ലാതെ വിപണിയില്‍ ചക്ക വില കുതിച്ചുയരുന്നു.കിലോയ്ക്ക് 70 രൂപ മുതല്‍ 100 രൂപ വരെയാണ് നിലവിൽ ചക്കയുടെ വില.
കഴിഞ്ഞ ദിവസം ചാരുംമൂട് പ്രദേശത്തുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്നു പതിനഞ്ചരക്കിലോയുള്ള ചക്ക വിറ്റുപോയത് 1240 രൂപയ്ക്കാണ്. ചെറിയ ചക്ക എന്ന കൊത്ത് ചക്കയ്ക്ക് മാത്രം 45 രൂപ മുതല്‍ 60 രൂപ വരെ വിലയുണ്ട്.
കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 240 രൂപ വരെ വില വന്നതായി കച്ചവടക്കാര്‍ പറയുന്നു. എന്നാല്‍ ചക്ക സുലഭമായപ്പോള്‍ 10 രൂപ മുതല്‍ 20 രൂപ വരെയായി വില താഴ്ന്നിരുന്നു. തമിഴ്‌നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ ചക്ക പോകുന്നത് ഓണാട്ടുകര മേഖലയില്‍ നിന്നാണ്. ചക്കയുടെ സീസണില്‍ കൂഴച്ചക്കയ്ക്ക് ആവശ്യക്കാര്‍ കുറവാണ്. ഉപ്പേരിക്ക് ഉപയോഗിക്കാമെന്നതിനാല്‍ തമിഴ്‌നാട്ടിലാണ് കൂഴച്ചക്കയ്ക്ക് ആവശ്യക്കാരുള്ളത്.
തിരുവനന്തപുരത്തെ സ്ഥിതിയും മറിച്ചല്ല. ഒരു വരിക്ക ചക്കയ്ക്ക് 1200 രൂപ വരെയാണ് വില.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ കാലങ്ങളായി ചക്കയും ചീരയും മാങ്ങയുമൊക്കെ വില്‍ക്കുന്നവര്‍ ഏറെയുണ്ട്. രാവിലെ ആറോടെ ചക്കയുമായി എത്തുന്ന ഇവരുടെ പഴ്‌സ് പത്താകുമ്പോഴേക്കും നിറയും. ജില്ലയിലെ മലയോര മേഖലകളില്‍ നിന്നാണ് നഗരത്തിലേക്ക് ചക്ക ഏറെയും എത്തുന്നത്.
1000 മുതല്‍ 1200 രൂപ വരെയാണ് ഒരു ചക്കയുടെ വില. ഒരു ചക്ക നാലായി മുറിച്ചാല്‍ ഒരു കഷണത്തിന് 250 മുതല്‍ 300 രൂപ വരെ കൊടുക്കണം. ചക്കപ്പഴത്തിനും ഡിമാന്‍ഡ് ഏറെയാണ്. ചക്കപ്പുഴുക്കോ ചക്ക അവിയലോ ചക്ക തോരനോ വയ്‌ക്കാനായി പച്ചച്ചക്ക വാങ്ങാനും പണമെറിയണം. കാല്‍ കിലോ ചക്കച്ചുളയ്‌ക്കു വില 40 മുതല്‍ 50 രൂപ വരെയാണ്!
വിറ്റാമിന്‍ എ യുടെ പൂര്‍വരൂപമായ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുള്ള ചക്കയിലെ ഫൈറ്റോന്യൂട്രിയന്റ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.ചക്കയിലെ ജീവകം സി രോഗപ്രതിരോധശേഷിക്കും മാംഗനീസ് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മഗ്നീഷ്യം എല്ലുകളിലെ കാല്‍സ്യത്തിന്റെ ആഗിരണത്തിനും സഹായിക്കും. പൊട്ടാസ്യം രക്‌തസമ്മര്‍ദം കുറയ്‌ക്കും. നാരുകള്‍ മലബന്ധം അകറ്റും. ജീവകം എ നിശാന്ധത കുറയ്‌ക്കും. അള്‍സര്‍ തടയാനും ശരീരകലകളുടെ നാശം തടഞ്ഞ് വാര്‍ധക്യത്തെ അകറ്റാനും ശേഷിയുള്ള ചക്കയാണു നാട്ടിന്‍പുറത്തെ പ്ലാവുകളില്‍ കാക്ക കൊത്തി പോകുന്നത്.
ഇതില്‍ പത്തെണ്ണവുമായി തലസ്‌ഥാന നഗരിയിലോ ആലപ്പുഴയിലോ എത്തിയാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരം രൂപയുമായി മടങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ.