IndiaNEWS

കേരളം ചുട്ടുപൊള്ളുമ്പോൾ അതിശൈത്യത്തില്‍ വിറങ്ങലിച്ച്‌ നീലഗിരി

കോഴിക്കോട്: കടുത്ത വേനൽച്ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോൾ അതിശൈത്യത്താല്‍ തണുത്ത് വിറക്കുകയാണ് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പ്രദേശം.
നീലഗിരി ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഊട്ടിയിലെ കാന്തലിലും തലൈകുന്തയിലും ഒരു ഡിഗ്രി സെല്‍ഷ്യസും ബൊട്ടാണിക്കല്‍ ഗാർഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലത്തെ താപനില. സമീപകാലത്തൊന്നും ഇല്ലാത്ത രീതിയിലുള്ള തണുപ്പാണ് ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകള്‍.

കൊടുംതണുപ്പില്‍ ജനജീവിതം ദുസഹമായിരിക്കുകയാണ്. മൈതാനങ്ങള്‍ മഞ്ഞ് മൂടിയ നിലയിലാണ്. കൃഷിയെയും  മഞ്ഞുവീഴ്ച ബാധിച്ചിട്ടുണ്ട്. തേയിലകൃഷിയെയാണ് ഈ കാലാവസ്ഥ കൂടുതലായി ബാധിച്ചിരിക്കുന്നത്. തണുപ്പ് കാരണം ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ശ്വാസതടസം, തലവേദന, പനി ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമായുണ്ട്. ഉദഗമണ്ഡലത്തിലും താപനില ഒരു ഡിഗ്രി വരെ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനമാണ് ഈ അസാധാരണ ശൈത്യത്തിന് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായം.

Signature-ad

തണുപ്പ് കാരണം ജനങ്ങള്‍ക്ക് രാവിലെ ജോലിക്ക് പോകാൻ സാധിക്കുന്നില്ല. കവലകളിലെല്ലാം ആളുകള്‍ കൂട്ടംചേർന്ന് തീ കായുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. തേയില കൃഷിയും പച്ചക്കറി കൃഷിയും പ്രതിസന്ധിയിലായതോടെ ജനങ്ങളുടെ ഉപജീവന മാർഗം ഇല്ലാതായിരിക്കുകയാണ്. മഞ്ഞില്‍ മൂടിയ മലനിരകളും താഴ്വാരങ്ങളും കാണാൻ സഞ്ചാരികള്‍ എത്തുന്നുണ്ടെങ്കിലും അതിശൈത്യം വിനോദസഞ്ചാരത്തെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: