SportsTRENDING

ടി20 ലോകകപ്പ്;സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടി

ബംഗളൂരു: ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനു ലഭിച്ച ഏക അവസരമായിരുന്നു അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 പോരാട്ടം. പക്ഷെ ഈ ‘പരീക്ഷയില്‍’ സഞ്ജു ദയനീയമായ പരാജയപ്പെട്ടിരിക്കുകയാണ്.

 

Signature-ad

രണ്ടു തവണ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. നിശ്ചിത 20 ഓവറിലാണ് സഞ്ജുവിനു ആദ്യത്തെ അവസരം കിട്ടിയത്. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തിനു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറിലും സഞ്ജു ബാറ്റ് ചെയ്യാനിറങ്ങിയിരുന്നു. പക്ഷെ ആദ്യ ബോളില്‍ ആഞ്ഞടിച്ച അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനാവാതെ വരികയും സിംഗിളിനായി ശ്രമിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റണ്ണൗട്ടാവുകയും ചെയ്തു.

 

ടി20 ലോകകപ്പിനു മുമ്ബ് ഇനി ഇന്ത്യക്കു ടി20 മല്‍സരങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനെ സംബന്ധിച്ച്‌ ഭാവിയെക്കുറിച്ച്‌ വലിയൊരു ചോദ്യമാണ് മുന്നിലുള്ളത്. അഫ്ഗാനെതിരേ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജിതേഷ് ശര്‍മയാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത്. അവസാന കളിയില്‍ ജിതേഷിനു പകരം സഞ്ജുവിനു ടീമിലേക്കു നറുക്കുവീഴുകയായിരുന്നു.

 

ലോകകപ്പിന് മുൻപുള്ള ഒരേയൊരു മല്‍സരം മാത്രമായതിനാല്‍ പെര്‍ഫോം ചെയ്‌തേ തീരൂവെന്ന വലിയ സമ്മര്‍ദ്ദം സഞ്ജുവിനുണ്ടായിരുന്നു. ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്തു.സ്ഥിരതയില്ലാത്ത താരമെന്ന ദുഷ്‌പേര് സഞ്ജുവിനു നേരത്തേ തന്നെയുണ്ട്. ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം കാഴ്ചവച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീം സെലക്ഷനില്‍ സഞ്ജുവിനിത്  തിരിച്ചടിയാകാനാണ് സാധ്യത.

Back to top button
error: