Social MediaTRENDING
ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഇടം പിടിച്ച കൊല്ലങ്കോടിന്റെ വിശേഷങ്ങൾ
News DeskJanuary 19, 2024
നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്…
സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ.ഇതിലെ പ്രധാനിയാണ് കൊല്ലങ്കോട്.
ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹിമാചൽ പ്രദേശിലെ കൽപയ്ക്ക്, മേഘാലയയിലെ മൗലിനോങ്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ.
പാലക്കാട് ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കൊല്ലങ്കോട് മികച്ചൊരു കാർഷിക ഗ്രാമമാണ്.കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമക്കാഴ്ചകൾ ലഭിയ്ക്കുന്ന ഈ പ്രദേശം നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വര പ്രദേശം കൂടിയാണ്.
കൊല്ലങ്കോടിന് സമീപപ്രദേശമായ മുതലമട മാവിൻ തോപ്പുകൾക്ക് പ്രസിദ്ധമാണ്. നെല്ലിയാമ്പതി മലനിരകളിൽ നിന്നും പുറപ്പെടുന്ന സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കൊല്ലങ്കോട് നിന്നാൽ കാണാം.
നെല്ലിയാമ്പതിയിലെ പ്രധാന വ്യൂ പോയിന്റായ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ കാണുന്ന ഭൂപ്രദേശങ്ങളിൽ കൊല്ലങ്കോട്, മുതലമട തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്നു.
പൊള്ളാച്ചിയിലേയ്ക്കുള്ള തൃശൂർ – ഗോവിന്ദാപുരം റൂട്ടിലൂടെ സഞ്ചരിച്ചാൽ കൊല്ലങ്കോട് എത്തിച്ചേരാം. സമീപത്തു തന്നെ ചുള്ളിയാർ, മീങ്കര എന്നിങ്ങനെ രണ്ട് ഡാമുകളുമുണ്ട്.