ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും തെളിവുനിയമവും അടിമുടി മാറുന്നതോടെ ലോകത്തിലെ അത്യാധുനിക നീതിന്യായ വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും മന്ത്രി അമിത് ഷാ പറഞ്ഞു.
നീതി നേടിയെടുക്കാനുള്ള കാലതാമസം ആയിരുന്നു ഇതുവരെ ജനങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയ ശിക്ഷ. എന്നാല്‍ മാറുന്ന സാഹചര്യത്തില്‍ ഏത് കേസിലും മൂന്ന് വർഷത്തിനുള്ളില്‍ നടപടികള്‍ പൂർത്തിയാകും. ഇരയുടെ പക്ഷത്ത് നില്ക്കുന്ന നിയമങ്ങളാകും ഇനി വരുന്നത്. ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൊണ്ടാകും ഈ പരിഷ്കരണങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി.
നവീകരിച്ച മൂന്ന് നിയമങ്ങളും ആരെയും ശിക്ഷിക്കാനല്ല, മറിച്ച് എല്ലാവര്ക്കും നീതി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 158 മീറ്റിംഗുകളില്‍ നടന്ന വിപുലമായ ചർച്ചകള്‍ക്ക് ശേഷമാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നീ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്താല്‍, മൂന്ന് വർഷത്തിനുള്ളില്‍ നീതി നടപ്പാകുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.
പുതിയ നിയമങ്ങള്‍ ഇരയ്ക്കും കുറ്റവാളിക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. ആദ്യമായി ഒരു കേസില്‍ പ്രതിയാകുകയോ ചെറിയ കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യുന്നവർ ഉടനെ ജയിലില്‍ പോകേണ്ടിവരില്ല. ആറ് കുറ്റകൃത്യങ്ങള്‍ വരെ അവർക്ക് പരിരക്ഷയുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍ ഓണ്‍ലൈന്‍ വഴി പൊതുജനങ്ങള്‍ക്ക് ശേഖരിക്കാനുള്ള സൗകര്യം എല്ലാ പോലീസ് സ്റ്റേഷനിലും നിര്‍ബന്ധമായി ഉണ്ടാകും. കേസുകളിലെ തെളിവെടുപ്പിന്റെ സമയത്ത് രണ്ട് നിഷ്പക്ഷ സാക്ഷികളുടെ സാന്നിധ്യം ഉണ്ടാകും. മുഴുവന്‍ പ്രക്രിയകളും നിര്‍ബന്ധമായും വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ സമർപ്പിക്കും. ഇതുവഴി ഏതെങ്കിലും തരത്തില്‍ കൃത്രിമം നടക്കാനുള്ള സാധ്യത ഒഴിവാക്കാനാകും.
ലൈംഗികാതിക്രമ കേസുകളില്‍ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കേണ്ടിവരും.അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കും. ക്രിമിനല്‍ കേസുകളില്‍ വാദം പൂർത്തിയായി 45 ദിവസത്തിനകം വിധി വരണം. ആള്‍ക്കൂട്ട ആക്രമണങ്ങളെ കൃത്യമായി നിർവചിച്ച് ശിക്ഷ ഉറപ്പാക്കും. തീവ്രവാദക്കേസുകളിലെ പ്രതികള്‍ രാജ്യംവിട്ട് പോയതുകൊണ്ട് മാത്രം നടപടികള്‍ തീരില്ല, വിചാരണ മുടങ്ങുകയുമില്ല. വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചാല്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. വിദേശത്ത് നിന്ന് പിടികൂടികൊണ്ടുവരാനുള്ള നടപടികള്‍ ഊർജിതമാക്കുകയും ചെയ്യും- അമിത് ഷാ പറഞ്ഞു.