തമിഴ്നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു. സംഭവത്തില്‍ 70 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം.
വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരു യുവാവുമാണ് മരിച്ചത്. ബുധനാഴ്ച നടന്ന പരിപാടിയില്‍ 271 കാളകളും 81 വീരന്മാരും പങ്കെടുത്തു. ജില്ലാ കളക്ടര്‍ ആശാ അജിത്, എം.പി കാര്‍ത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മധുര ജില്ലയിലെ അലംഗനല്ലൂരിൽ നടന്ന ജെല്ലിക്കെട്ടിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 1,200 കാളകളും 800 കാളകളെ മെരുക്കുന്നവരുമാണ് അലംഗനല്ലൂരിലെ ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ് കാറാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന ഓരോ കാളയ്ക്കും ഓരോ സ്വർണ്ണ നാണയവും.
സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ ടീം, വെറ്റിറനറി ടീം, റെഡ് ക്രോസ് വളന്റിയർമാർ, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിരുന്നു. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് മത്സരം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജെല്ലിക്കെട്ട് മത്സരം നടക്കുന്നത്.