നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു. ദിമിത്രിയോസിന്റെ രണ്ടു ഗോളുകൾക്കും ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
രണ്ടു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയ മത്സരത്തിൽ അത് മുതലെടുക്കാൻ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടി നൽകിയത്. പുതിയ പരിശീലകനായ ഖാലിദ് ജമീലിനു കീഴിൽ ജംഷഡ്പൂർ കേരള ബ്ലാസ്റ്റേഴ്സിനു വലിയ സ്വാതന്ത്ര്യം നൽകിയതുമില്ല. ഈ മത്സരത്തിൽ വിജയം നേടിയതോടെ ഐഎസ്എല്ലിൽ മോശം പ്രകടനം നടത്തുന്ന ജംഷഡ്പൂരിനു ആത്മവിശ്വാസം വർധിച്ചിട്ടുണ്ടാകും.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് ഈ തോൽവി വലിയൊരു തിരിച്ചടി തന്നെയാണ്. തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തിയ ടീമിന്റെ ആത്മവിശ്വാസത്തെ ഈ തോൽവി പ്രതികൂലമായി തന്നെ ബാധിക്കും.ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ തോൽപ്പിച്ചിരുന്നു
സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഷിലോങ്ങ് ലാജോങിനെതിരെയും മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്സിയും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയം നേടി.എന്നാൽ രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചതോടെ ജംഷഡ്പൂർ ആറു പോയിന്റുമായി സെമിഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
ജനുവരി 20ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.ജനുവരി 24, 25 തീയതികളില്‍ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും.
ഐഎസ്എല്ലില്‍ നിന്നും 12 ടീമുകളും ഐ ലീഗില്‍ നിന്ന് 4 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ കളിക്കുന്നത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലിണ് സൂപ്പർ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.