കിഫ്‌ബിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. വിഡി സതീശൻ എംഎൽഎ യാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. രണ്ടു മണിക്കൂർ ചർച്ച നീണ്ടുനിന്നു.
ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദത്തിൽ കലാശിച്ചു അടിയന്തരപ്രമേയം. മസാലബോണ്ടുകൾ വിറ്റതിൽ ഉൾപ്പെടെ ഭരണഘടനാ ലംഘനം ഉണ്ടെന്ന് പ്രമേയം അവതരിപ്പിച്ച വിഡി സതീശൻ എം എൽ എ ആരോപിച്ചു. കിഫ്ബിയെ അല്ല, കിഫ്‌ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പിനെ കുറിച്ചാണ് സിഎജി വിമർശിച്ചതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി.
മറുപടി പറഞ്ഞ ജെയിംസ് മാത്യു എംഎൽഎ രൂക്ഷമായ പ്രത്യാക്രമണം നടത്തി. ആർട്ടിക്കിൾ 293 സർക്കാരിന് മാത്രമാണ് ബാധകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോണ്ട് ഇറക്കിയത് സർക്കാരല്ല എന്നും ജെയിംസ് മാത്യു വ്യക്തമാക്കി. അടിയന്തര പ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.