CrimeNEWS

ആയുര്‍വേദ കമ്പനിയില്‍നിന്ന് ഒന്നരക്കോടി തട്ടിയെടുത്തു; ജീവനക്കാരിയും ഡോക്ടര്‍ മകളും അറസ്റ്റില്‍

എറണാകുളം: ആയുര്‍വേദ ചികിത്സയ്ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരിയായ അമ്മയും ഡോക്ടറായ മകളും അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു.

മൂവാറ്റുപുഴയിലെ ദ്രോണി ആയുര്‍വേദാസ് എന്ന സ്ഥാപനത്തില്‍നിന്നാണ് പണം തട്ടിയത്. 2021 മുതല്‍ രാജശ്രീ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് കം സെയില്‍സില്‍ ജോലി ചെയ്തുവരുകയാണ്. യു.കെയിലായിരുന്ന ലക്ഷ്മിയുടെ വിവാഹം അടുത്തയിടെയായിരുന്നു. ഇവര്‍ വിവാഹത്തിന് നാട്ടിലെത്തിയപ്പോഴേക്കും പോലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഉത്പന്നങ്ങള്‍ വിറ്റു ലഭിക്കുന്ന തുക രാജശ്രീ തന്റെയും മകളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റ് ചിലരുടെ അക്കൗണ്ടിലേക്കും പണം പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Signature-ad

കമ്പനിയുടെ ഉത്പന്നങ്ങള്‍ സ്വന്തം നിലയില്‍ വിറ്റ് പണം സ്വന്തം അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും വാങ്ങിയതായും കമ്പനിയുടെ സോഫ്‌റ്റ്വേറില്‍ വരെ കൃത്രിമം കാണിച്ചതായും കണ്ടെത്തി. രാജശ്രീയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും ചാറ്റ് ഹിസ്റ്ററിയും പോലീസ് കണ്ടെടുത്തു.

കമ്പനി പ്രവര്‍ത്തന നഷ്ടം കാണിച്ചു തുടങ്ങിയതോടെയാണ് ഉടമ രഹസ്യമായി ജീവനക്കാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിച്ചു തുടങ്ങിയത്. ഡിസംബറിലാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തട്ടിപ്പിന് മറ്റൊരു സ്ഥാപനത്തെ കൂട്ടുപിടിച്ചതായും സംശയിക്കുന്നുണ്ട്. വ്യാജ രേഖകള്‍ നിര്‍മിച്ചതായുള്ള സംശത്തെത്തുടര്‍ന്ന് അതും അന്വേഷിക്കുന്നുണ്ട്.

 

Back to top button
error: