കൊല്‍ക്കത്ത: 13 വര്‍ഷം മുമ്പ് ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ കാണാതായ ഭാര്യയെയും 11 ദിവസം പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിന് തിരിച്ചുകിട്ടി. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശികളാണ് ദമ്പതിമാര്‍.
2010-ലാണ് ലളിത് ബരെത് എന്നയാള്‍ ഭാര്യ ഗര്ബരിയുടെയും മകന്റെയും ഒപ്പം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു ഗര്ബരി. എന്നാല്‍, നഗരത്തിലെ തിരക്കിനിടയില്‍പ്പെട്ട് ഗര്ബരിയെയും കുഞ്ഞിനെയും കാണാതായി. ഇവരെ പോലീസ് പിന്നീട് നഗരത്തിലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പാവ്ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മേല്‍വിലാസം പറയാന്‍ ഗര്ബരിയ്ക്ക് അറിയാത്തതിനാല്‍ അവരുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
രണ്ട് മാസം മുമ്പ് ഗര്ബരി പൂര്‍ണമായും സുഖം പ്രാപിച്ചതായി പാവ് ലോവ് ആശുപത്രിയിലെ അധികൃതര്‍ പോലീസിനെ അറിയിച്ചു. എങ്കിലും തന്റെ മേല്‍വിലാസം നല്കാന് ഗര്ബരിക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ആണ് ഗര്ബരിയുടെ സ്വദേശമെന്ന് ഇവരുടെ സംഭാഷണത്തില്‍നിന്ന് പോലീസിന് സൂചന ലഭിച്ചു. വീട്ടിനു സമീപം പിത്തള വര്‍ക്ക്ഷോപ്പുകള്‍ ധാരാളമുണ്ടെന്നും യുവതി പറഞ്ഞു.
ഇതു കേന്ദ്രീകരിച്ച് യുവതിയുടെ ചിത്രവും മറ്റ് വിശദവിവരങ്ങളുമടങ്ങിയ വാട്ട്സ്ആപ്പ് സന്ദേശം പോലീസ് പ്രചരിപ്പിച്ചു. അതേസമയം, കാണാതായ ഭാര്യയെയും മകനെയും കണ്ടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഗംഗാസാഗര്‍ മേളയില്‍ പങ്കെടുക്കാന്‍ എല്ലാ വര്‍ഷവും ലളിത് കൊല്‍ക്കത്തില്‍ പോകാറുണ്ടായിരുന്നു. അതിനിടെയാണ് ഗര്ബരിയുടെ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസുമായി ബന്ധപ്പെട്ട് ഗര്ബരിയുടെ അടുത്തെത്തി ഭാര്യയെ തിരിച്ചറിഞ്ഞു.
അതിനിടെ, ഗര്ബരി വിഷയം അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പോലീസ് ഇവരുടെ വീട് ഛത്തീസ്ഗഡിലെ കിരാരിയിലാണെന്ന് കണ്ടെത്തിയിരുന്നു.
നിലവില്‍ കൊല്‍ക്കത്തയിലുള്ള ദമ്പതിമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഛത്തീസ്ഗഡിലെ കുടുംബവീട്ടിലേക്ക് മടങ്ങും.