കോഴിക്കോട്: സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. യൂണിയന്‍ ബാങ്കിന്റെ കോഴിക്കോട് മാങ്കാവ് കറന്‍സി ചെസ്റ്റില്‍ നിന്ന് ഹൈദരാബാദിലെ നരായണ്‍ഗുഡ കറന്‍സി ചെസ്റ്റിലേക്ക് 750 കോടി രൂപ കൊണ്ടുപോകുന്നതിനിടെ സുരക്ഷാ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിപി ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെതാണ് ഉത്തരവ്.
പണവുമായി പോയ ട്രക്കുകള്‍ക്ക് യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എസിപി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16നാണ് കറന്‍സി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. പൊലീസ് ബന്തവസ്സ് പാര്‍ട്ടിയുടെ കമാന്‍ഡറായിരുന്നു ശ്രീജിത്ത്.
ഹൈദരാബാദിലേക്കുള്ള വഴി വിജനവും മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശവുമായതിനാല്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് യൂണിഫോം ധരിക്കുകയും ആയുധസജ്ജരാവുകയും വേണമെന്നും രാത്രി സമയത്ത് യാത്രചെയ്യാന്‍ പാടില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം ഉദ്യോഗസ്ഥന്‍ ലംഘിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.