IndiaNEWS

‘വന്ദേഭാരതി’ല്‍ മോശം ഭക്ഷണമെന്ന് യാത്രക്കാരന്റെ പരാതി; ഉടനടി ഇടപെടലുമായി റെയില്‍വേ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് ലഭിച്ചത് മോശം ഭക്ഷണം. പരാതിയെത്തിയതോടെ വിഷയത്തില്‍ റെയില്‍വേ ഇടപെട്ടു. ഭക്ഷണം മോശമായതിന് ടി.ടി.ഇയെ വിളിച്ച് പരാതി പറയുകയോ കോണ്‍ട്രാക്ടറെ നേരിട്ട് കൈകാര്യം ചെയ്യുകയോ അല്ല ഈ യാത്രക്കാരന്‍ ചെയ്തത്. പകരം സമൂഹമാധ്യമമായ എക്സില്‍ ഇക്കാര്യം വീഡിയോ സഹിതം പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. 22416-ാം നമ്പര്‍ വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ആകാശ് കേസരിയാണ് മോശം ഭക്ഷണത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ മോശം ഭക്ഷണമാണ് ട്രെയിനില്‍ ലഭിച്ചതെന്നും ഇതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്, വന്ദേഭാരത് എക്സ്പ്രസ് എന്ന അക്കൗണ്ട്, കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.

Signature-ad

”ഹായ് സാര്‍, ഞാന്‍ ഡല്‍ഹിയില്‍ നിന്ന് വാരാണസിക്കുള്ള 22416-ാം നമ്പര്‍ വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര ചെയ്യുകയാണ്. ട്രെയിനില്‍ വിളമ്പിയ ഭക്ഷണം വളരെ മോശവും ദുര്‍ഗന്ധം വമിക്കുന്നതുമാണ്. ദയവായി ഞങ്ങള്‍ മുടക്കിയ പണം തിരികെ നല്‍കണം. ഭക്ഷണവിതരണം കരാറെടുത്തവര്‍ വന്ദേഭാരത് എക്സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണ്” -ആകാശ് കേസരി ട്വീറ്റ് ചെയ്തു. മോശം ഭക്ഷണത്തിന്റേയും അത് വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന യാത്രക്കാരുടേയും വീഡിയോ ദൃശ്യങ്ങളും അദ്ദേഹം എക്സില്‍ പങ്കുവെച്ചിരുന്നു.

കേസരിയുടെ ട്വീറ്റ് വൈറലായതോടെ ഇത് ‘റെയില്‍വേസ് സേവ’യുടെ ശ്രദ്ധയില്‍ പെട്ടു. പരാതി ‘റെയില്‍ മദദി’ല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയെന്ന് റെയില്‍വേസ് സേവ ആകാശ് കേസരിക്ക് മറുപടി നല്‍കി. ഒപ്പം അദ്ദേഹത്തിന്റെ പി.എന്‍.ആര്‍. നമ്പറും മൊബൈല്‍ നമ്പറും മെസേജിലൂടെ (ഡി.എം) ആവശ്യപ്പെട്ടു. പരാതി റെയില്‍ മദദില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പരാതിയുടെ നമ്പര്‍ എസ്.എം.എസ്. മുഖേനെ മൊബൈലിലേക്ക് അയച്ചിട്ടുണ്ടെന്നും റെയില്‍വേസ് സേവ എക്സിലൂടെ കേസരിക്ക് മറുപടി നല്‍കി.

സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്റെറിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ആകാശ് കേസരിയോട് ക്ഷമാപണം നടത്തി. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് ഐ.ആര്‍.സി.ടി.സി. ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് മാപ്പ് പറഞ്ഞത്. ഭക്ഷണവിതരണത്തിന്റെ കരാറെടുത്തവരില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കിയെന്നും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കരാറുകാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയെന്നും ട്രെയിനുകളിലെ സേവനങ്ങളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുമെന്നും ഐ.ആര്‍.സി.ടി.സി. അറിയിച്ചു.

Back to top button
error: