അമേരിക്കയുടെ 45 ആമത് പ്രസിഡണ്ടായി 78 കാരൻ ജോ ബൈഡൻ ചുമതലയേൽക്കും. ഇന്ത്യൻ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേൽക്കും.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേൽക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡൻ. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും.
അമേരിക്കൻ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യൻ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങൾ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേർ മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാൽ കനത്ത സുരക്ഷാ സംവിധാനത്തിൽ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ.
സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്. ഇന്ന് അതിരാവിലെ ട്രമ്പ് വൈറ്റ് ഹൗസ് വിടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയിൽ.
ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്ക് ആണ് ട്രംപ് കുടുംബസമേതം മാറുക. രാവിലെ 8 മണിക്ക് ആൻഡ്രൂസ് ജോയിൻ ബെയ്സിൽ പ്രത്യേക യാത്രയയപ്പ് ചടങ്ങ് നടക്കുമെന്ന് കാട്ടി അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രമ്പ് വൈറ്റ് ഹൗസിൽ നിന്ന് യാത്ര പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.