Lead NewsNEWS

സ്പ്രിംഗ്ലറിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, മുഖ്യമന്ത്രി ഒന്നുമറിഞ്ഞില്ല, എല്ലാത്തിനും പിന്നിൽ ശിവശങ്കർ

സ്പ്രിംഗ്ലർ തയ്യാറാക്കിയ കരാർ രേഖ ഐടി സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു എന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്. കോവിഡ് വിവരങ്ങളുടെ വിശകലനത്തിന് സ്പ്രിംഗ്ലർ കമ്പനിയെ ഉൾപ്പെടുത്തിയത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ് സെക്രട്ടറി ടോം ജോസോ അറിയാതെയാണെന്നും റിപ്പോർട്ടിലുണ്ട്. പൊതുജനങ്ങളുടെ വിവരങ്ങൾക്കു മേൽ കമ്പനിക്ക് സമ്പൂർണ്ണ അവകാശം നൽകുന്നതായിരുന്നു കരാർ എന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംഗ്ലർ സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജൻ കൊബ്രഗഡെ സമിതിയെ അറിയിച്ചു. സ്പ്രിംഗ്ലറുമായി ചർച്ച നടത്തിയ ഐടി വകുപ്പ് ഉന്നതരുടെ യോഗത്തിലെ വിവരങ്ങൾ എത്ര ചോദിച്ചിട്ടും വിദഗ്ധ സമിതിക്ക് ലഭ്യമാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

കരാർ വ്യവസ്ഥകൾ ദുരുപയോഗ സാധ്യത ഉള്ളതാണെന്ന് വിദഗ്ദ്ധസമിതി ചൂണ്ടിക്കാണിക്കുന്നു. കാരണം കരാർ നടപ്പാക്കിയവർക്ക് സാങ്കേതിക- നിയമ വൈദഗ്ധ്യം ഇല്ല. മുഖ്യമന്ത്രി പോലുമറിയാതെ കരാർ ഒപ്പിട്ടത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ കോടതിയുടെ പരിധിയിൽ ആയതിനാൽ തുടർനടപടി ദുഷ്കരമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Back to top button
error: